യുവതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: രാത്രിയില്‍ യുവതികളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കാട്ടായിക്കോണം സ്വദേശി ശിവപ്രസാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മൂന്ന് യുവതികള്‍ പോത്തന്‍കോട് ഭാഗത്ത് നിന്നും കാറില്‍ യാത്രചെയ്യുമ്പോള്‍ യുവാവ് പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായി കാര്‍ നിര്‍ത്തിയപ്പോഴാണ് ശിവപ്രസാദ് യുവതികളെ ശ്രദ്ധിച്ചത്. കാറില്‍ സ്ത്രീകള്‍ മാത്രമാണെന്ന് കണ്ട ശിവപ്രസാദ് ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് ആളില്ലാത്ത സ്ഥലത്ത് വച്ച് കാറിനെ ഓവര്‍ടേക്ക് ചെയ്ത ശേഷം ഇയാള്‍ കാറിന്റെ ഗ്ലാസിലിടിച്ച് വണ്ടി നിര്‍ത്താനും യുവതികളോട് പുറത്തേക്ക് ഇറങ്ങാന്‍ ആക്രോശിക്കുകയുമായിരുന്നു.

ആക്രമണം ഭയന്ന സ്ത്രീകള്‍ വാഹനം നിര്‍ത്താതെ ഓടിച്ച് പോവുകയും സംഭവം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുയും ചെയ്തു. ശ്രീകാര്യത്ത് പൊലീസുണ്ടാകുമെന്നും വാഹനം നിര്‍ത്താതെ ശ്രീകാര്യത്തേക്ക് വരാനും പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്നെത്തിയ പ്രതിയെ ചെക്കാലമുക്കിന് സമീപത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു.

Top