കൊറോണക്കാലത്ത് പഠന ആപ്ലിക്കേഷനുകള്‍ സൗജന്യം; ബൈജൂസ് ആപ്പില്‍ 60% വര്‍ധനവ്

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് പഠന ആപ്ലിക്കേഷനുകള്‍ സേവനങ്ങള്‍ സൗജന്യമാക്കി. ബൈജൂസ് ആപ്, അണ്‍അക്കാദമി, സി കാറ്റലിസ്റ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സേവനം സൗജന്യമാക്കിയത്.

ആപ്ലിക്കേഷനുകള്‍ സൗജന്യമാക്കിയതോടെ ബൈജൂസില്‍ 60 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ബൈജൂസിന്റെ പാഠ്യ പദ്ധതികളെക്കുറിച്ചുള്ള മാതാപിതാക്കളുടേയും വിദ്യാര്‍ഥികളുടേയും അന്വേഷണങ്ങളില്‍ ഇരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം വര്‍ധന 60 ശതമാനമാണെന്ന് ബൈജൂസ് സഹ സ്ഥാപകയും ഡയറക്ടറുമായ ദിവ്യ ഗോകുല്‍ നാഥാണ് വെളിപ്പെടുത്തിയത്. ഏപ്രില്‍ അവസാനംവരെ വിദ്യാര്‍ഥികള്‍ക്ക് പാഠ്യ പദ്ധതികള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു ബൈജൂസ് പ്രഖ്യാപിച്ചത്.

മറ്റൊരു ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ അണ്‍ അക്കാദമി ബുധനാഴ്ച്ചയാണ് തങ്ങളുടെ പ്ലാറ്റ്ഫോം പൂര്‍ണ്ണമായും സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. അണ്‍ അക്കാദമി സി.ഇ.ഒ ഗൗരവ് ആണ് ഇക്കാര്യം അറിയിച്ചത്. അതുപോലെ മറ്റൊരു ഓണ്‍ലൈന്‍ ലേണിംങ് പ്ലാറ്റ്ഫോമായ nCatalyst സേവനം സൗജന്യമാക്കിയിട്ടുണ്ട്.

Top