കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കില്ല, കൂടുതൽ ഓഫീസുകൾ തുറക്കുമെന്ന് ബൈജൂസ്

കൊച്ചി: കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും കൂടുതൽ ഓഫീസുകൾ തുറക്കുമെന്നും വ്യക്തമാക്കി എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസ് അധികൃതർ രംഗത്തെത്തി. കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ബൈജൂസ് അറിയിച്ചു. സംസ്ഥാനത്തെ ബൈജൂസ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൂവായിരത്തോളം ആളുകളില്‍ 140 പേരെ ബങ്കളൂരിലേക്ക് സ്ഥലം മാറ്റുകമാത്രമാണ് ചെയ്തതെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേരളത്തില്‍ ഈ വര്‍ഷം 3 സ്ഥാപനങ്ങള്‍ കൂടി തുടങ്ങുമെന്നും സംസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

ബൈജൂസ് കേരളത്തിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫീസ് അടച്ചുപൂട്ടി ജീവനക്കാരെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റിയെന്ന പരാതിയുമായി ജീവനക്കാർ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയെ കണ്ടതോടെ അഭ്യൂഹങ്ങൾ ശരിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നു. ഇതിന് പിന്നാലെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.

നഷ്ടപരിഹാരം നല്‍കണമെന്നും കുടിശികയുള്ള ശമ്പളം നല്‍കണമെന്നുമടക്കമുള്ള ആവശ്യമുന്നയിച്ചാണ് ജീവനക്കാർ മന്ത്രി ശിവൻകുട്ടിയെ കണ്ടത്. തൊഴില്‍ നഷ്ടമാകുന്നതടക്കം നിരവധി ആശങ്കകളാണ് ജീവനക്കാര്‍ പങ്കുവച്ചതെന്ന് മന്ത്രിയും വിശദമാക്കിയിരുന്നു. ജീവനക്കാരുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

Top