ബൈജൂസില്‍ രണ്ടു വിദേശ കമ്പനികള്‍ 30 കോടി ഡോളര്‍ മുടക്കുമെന്ന്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ബൈജൂസില്‍ രണ്ടു വിദേശ കമ്പനികള്‍ 30 കോടി ഡോളര്‍ (2100 കോടി രൂപ) മുതല്‍ മുടക്കും. ജനറല്‍ അറ്റ്‌ലാന്റിക് എന്ന സ്വകാര്യ നിക്ഷേപ സ്ഥാപനവും, സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റ്റീംസെക് ഹോള്‍ഡിങ്സ് എന്നീ സ്ഥാപനവുമാണ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാനും ആഴ്ചകള്‍ക്കകം പൂര്‍ത്തിയാകുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

ഈ ഡീല്‍ പൂര്‍ത്തിയായാല്‍ ബൈജൂസിന്റെ ഉടമകളായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മൂല്യം 240 കോടി ഡോളര്‍ ആയി ഉയരുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. പുതിയ ഫണ്ടിങ്ങില്‍ ഈ രണ്ടു സ്ഥാപനങ്ങളും പങ്കെടുക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇരു കമ്പനികളും ഒരേ സമയം നിക്ഷേപം നടത്തില്ല.

ബൈജൂസിന്റെ നിലവിലെ പ്രമുഖ നിക്ഷേപകരായ ചൈനയിലെ റ്റെന്‍സെന്റ് ഹോള്‍ഡിങ്സും കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടമാക്കിയിട്ടുണ്ട്.

Top