നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു; പുതുപ്പള്ളിയിൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 53വർഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. ഉപതിരഞ്ഞെടുപ്പു വിഷയം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.

സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വർഷത്തിൽ താഴെയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എൽഡിഎഫ് സർക്കാരിന് രണ്ടരവർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ വിയോഗശേഷമുള്ള രാഷ്ട്രീയം ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായി. ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നും രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്നും യോഗം വിലയിരുത്തി. അടുത്തമാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം തിരഞ്ഞെടുപ്പു വിഷയത്തിൽ ചർച്ച നടക്കും. പ്രിയ നേതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. രാഷ്ട്രീയം ചർച്ച ചെയ്യാനുള്ള അന്തരീക്ഷം ഉരുത്തിരിയാൻ ആഴ്ചകളെടുക്കും. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേർപാടുണ്ടായാൽ അവരുടെ കുടുംബത്തിൽനിന്ന് പിൻഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിൻതുടരുന്ന രീതി. ടി.എം.ജേക്കബ് അന്തരിച്ചപ്പോൾ മകൻ അനൂപ് ജേക്കബ് പിറവത്തും, ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ മകൻ കെ.എസ്.ശബരീനാഥൻ ആര്യനാടും, പി.ടി.തോമസ് അന്തരിച്ചപ്പോൾ ഭാര്യ ഉമ തോമസ് തൃക്കാക്കരയിലും സ്ഥാനാർഥിയായി. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ പിൻഗാമി കുടുംബത്തിൽനിന്നുള്ള ആളാകാനാണ് എല്ലാ സാധ്യതയും.

കേരള നിയമസഭയിലേക്ക് ഇതുവരെ 65 ഉപതിരഞ്ഞെടുപ്പുകളാണ് നടന്നത്. പിണറായി സർക്കാർ അധികാരത്തിൽവന്നശേഷം 9 ഉപതിരഞ്ഞെടുപ്പുകൾ. അഞ്ചിടത്ത് യുഡിഎഫ് വിജയിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ് വേങ്ങരയിലായിരുന്നു. മുസ്‌ലിം ലീഗ് സ്ഥാനാർഥി കെഎൻഎ ഖാദർ വിജയിച്ചു. 2018ൽ ചെങ്ങന്നൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു. 2019ൽ പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥി മാണി സി.കാപ്പൻ ഇടതു പിന്തുണയോടെ വിജയിച്ചു. 2019ൽ മഞ്ചേശ്വരത്ത് നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി എം.സി.കമറുദ്ദീനും എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി ടി.ജെ.വിനോദും, അരൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും, കോന്നിയിലും വട്ടിയൂർക്കാവിലും സിപിഎമ്മിലെ കെ.യു.ജനീഷ് കുമാറും വി.കെ.പ്രശാന്തും വിജയിച്ചു. 2022 മെയിൽ തൃക്കാക്കരയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉമ തോമസ് വിജയിച്ചു.

7, 14 നിയമസഭകളിലേക്കാണ് ഏറ്റവും കൂടുതൽ ഉപതിരഞ്ഞെടുപ്പുകൾ നടന്നത് – 8 വീതം. ഓരോ ഉപതിരഞ്ഞെടുപ്പു മാത്രമാണ് ഒന്നും ആറും നിയമസഭകളിലേക്കു നടന്നത്. 2, 3, 5, 10 നിയമസഭകളിലേക്ക് 6 വീതം നടന്നു. നാലു വീതം 9, 11, 12 നിയമസഭകളിലേക്കു നടന്നു. 4, 8, 13 നിയമസഭകളിലേക്ക് യഥാക്രമം 5, 2, 3 ഉപതിരഞ്ഞടുപ്പുകളാണു നടന്നത്. എറണാകുളം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഉപതിരഞ്ഞെടുപ്പുകൾ നടന്നത്–മൂന്ന്. 2019 ഒക്ടോബർ 21ന് അഞ്ചും 1979 മേയ് 18 ന് നാലും നിയമസഭാമണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പുകൾ നടന്നു.

Top