വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് എന്‍. പീതാംബരകുറുപ്പിനെ മാറ്റി മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.

പാലക്കാടുണ്ടായിരുന്ന മോഹന്‍കുമാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് സമിതി യോഗം തുടങ്ങുന്നതിന് തൊട്ട് മുമ്പായിരുന്നു സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കപ്പെടുന്ന പീതാംബരക്കുറുപ്പിനെതിരെ ഇന്ദിരാഭവനില്‍ പ്രതിഷേധം നടന്നിരുന്നത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരും കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിയെ അടക്കം പ്രാദേശിക നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഐപി മണ്ഡലമായി വട്ടിയൂര്‍ക്കാവിനെ കെ മുരളീധരന്‍ മാറ്റിയതാണെന്നും കഴിഞ്ഞ തവണ ടി എന്‍ സീമയെയും കുമ്മനത്തെയും വ്യക്തമായ ഭൂരിപക്ഷത്തോടെ കെ മുരളീധരന്‍ തോല്‍പിച്ചതാണെന്ന് നേതൃത്വം ഓര്‍ക്കണമെന്നും പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജനസമ്മതരായ പ്രാദേശിക നേതാക്കള്‍ വേണം. മണ്ഡലത്തിലെ 25 ശതമാനവും 18, 25 വയസിനിടയിലുള്ള യുവാക്കളാണ്. അതുകൊണ്ട് അത്തരത്തില്‍ അവരെ കയ്യിലെടുക്കാന്‍ കഴിയുന്ന ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണം. കുറുപ്പിനെപ്പോലൊരാളെ മത്സരിപ്പിക്കരുതെന്നും പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Top