സിറ്റിംഗ് സീറ്റിൽ പതറി യു.ഡി.എഫുകാർ ! പോരാട്ടം ചുവപ്പും കാവിയും തമ്മിൽ . . .

ട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടഞ്ഞ കെ.മുരളീധരനും ശശിതരൂരും പ്രചരണത്തിലും പിന്നോട്ടടിച്ചതോടെ വെട്ടിലായി യുഡിഎഫ്. മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നേരിട്ടാണെന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും അതുവഴി അട്ടിമറി വിജയവുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. മേയര്‍ വി.കെ പ്രശാന്തിനുവേണ്ടി എണ്ണയിട്ട യന്ത്രം പോലെയാണ് ഇടതുപക്ഷം ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുമ്മനത്തെ പരാജയപ്പെടുത്തി വട്ടിയൂര്‍ക്കാവില്‍ 7,600 വോട്ടിനു വിജയിച്ച കെ. മുരളീധരന്‍ വടകര എം.പിയായിതോടെയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നത്. രമേശ് ചെന്നിത്തലയും മുന്‍ മന്ത്രി ശിവകുമാറും പാലം വലിച്ചിട്ടും വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത് മുരളീധരന്റെ വ്യക്തിപ്രഭാവം ഒന്ന് കൊണ്ട് മാത്രമായിരുന്നു.

തനിക്ക് പകരക്കാരനായി പീതാംബരക്കുറുപ്പിനെയാണ് മുരളീധരന്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കുറുപ്പിനെതിരെ പ്രതിഷേധമുയര്‍ത്തി ഐ ഗ്രൂപ്പ് നേതൃത്വം തന്നെ വെട്ടിനിരത്തുകയായിരുന്നു. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗവും മുന്‍ ഡി.സി.സി പ്രസിഡന്റുമായ കെ. മോഹന്‍കുമാറിന് നറുക്ക് വീണിരുന്നത്.

മോഹന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുരളീധരന് വേണ്ടത്ര തൃപ്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തിരുവനന്തപുരം എം.പിയായ ശശിതരൂരും മോഹന്‍കുമാറിനായിപ്പോള്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. ഇതോടെ വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ സജീവമല്ലെന്ന പരാതിയുമായി സ്ഥാനാര്‍ത്ഥി മോഹന്‍കുമാര്‍ തന്നെ നിലവില്‍ രംഗത്തെത്തിയിട്ടുണ്ട്.

വടകര എം.പിയായ മുരളീധരന്‍ കോഴിക്കോട്ട് തട്ടകമാക്കിയാണ് പ്രവര്‍ത്തനം നടത്തിവരുന്നത്. തരൂരാകട്ടെ ഡല്‍ഹിയിലെ കേസില്‍ വലിയ ആശങ്കയിലുമാണ്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് സമയത്തും മുരളീധരന്‍ കോഴിക്കോട്ട് നില്‍ക്കുന്നത് യു.ഡി.എഫ് പ്രചരണത്തെയാണിപ്പോള്‍ ബാധിച്ചിരിക്കുന്നത്. പ്രചരണ ചുമതല മുരളീധരന് നല്‍കി അദ്ദേഹത്തെ സജീവമാക്കാനും അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്. കെ.പി.സി.സിയുടെ ഈ നീക്കത്തിനെതിരെ മുരളീധരനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്‌.

‘താനും ഒറ്റക്കായിരുന്നു പ്രചരണമെന്നും എന്നിട്ടും 7,600 വോട്ടുകള്‍ക്ക്‌ വിജയിക്കാനായെന്നുമാണ്’ മുരളീധരന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവില്‍ പാലം വലിച്ച ചെന്നിത്തലയും ശിവകുമാറുമടക്കമുള്ള നേതാക്കളെ ഉന്നം വെച്ചാണ് മുരളീധരന്‍ ആഞ്ഞടിച്ചിരിക്കുന്നത്.

അതേസമയം, മോദിയെ അനുകൂലിച്ചുള്ള പ്രസ്താവനയുടെ പേരില്‍ വിശദീകരണം തേടിയതില്‍ കെ.പി.സി.സി നേതൃത്വത്തിനെതിരെ ഇപ്പോഴും ഇടഞ്ഞു നില്‍ക്കുകയാണ് ശശിതരൂര്‍. തിരുവനന്തപുരം എം.പിയായിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്റെ അഭിപ്രായം പരിഗണിച്ചില്ലെന്ന അതൃപ്തിയും തരൂരിനുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തരൂരിനുവേണ്ടിയും പ്രചരണ രംഗത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായിരുന്നില്ല. ഇതിനെതിരെ തരൂര്‍ നേരിട്ട് എ.ഐ.സി.സി അധ്യക്ഷനായിരുന്ന രാഹുല്‍ഗാന്ധിക്കു തന്നെ പരാതി നല്‍കുന്ന സാഹചര്യവും ഉണ്ടായിരുന്നു. എ.ഐ.സി.സി പ്രത്യേക നിരീക്ഷകനെ നിയോഗിച്ചാണ് അന്ന് തിരുവനന്തപുരത്തെ പ്രചരണം ഏകോപിപ്പിച്ചിരുന്നത്.

തിരുവനന്തപുരം എം.പിയെന്ന നിലയില്‍ ശശി തരൂരിനും വട്ടിയൂര്‍ക്കാവ് എം.എല്‍.എ എന്ന നിലയില്‍ കെ. മുരളീധരനും ഉള്ളയത്ര വ്യക്തിപ്രഭാവമില്ലാത്ത നേതാവാണ് മോഹന്‍കുമാര്‍. തരൂരിനും മുരളീധരനും വിജയിക്കാന്‍ തുണയായത് ന്യൂനപക്ഷവോട്ടുകളായിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നേരിട്ടാണ് മത്സരമെന്ന പ്രചരണമുയരുന്നതോടെ യു.ഡി.എഫ് ക്യാമ്പിലെ ന്യൂനപക്ഷ വോട്ടുകള്‍ സി.പി.എമ്മിനൊപ്പം പോകുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ ആശങ്ക യു.ഡി.എഫ് നേതൃത്വത്തിലും പ്രകടമാണ്.

വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ച കുമ്മനം രാജശേഖരനെ വെട്ടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുരേഷിനെ നിയോഗിച്ചത് സംഘപരിവാറിലെ ഒരു വിഭാഗത്തിന് തീരെ രസിച്ചിട്ടില്ല. പ്രചരണ രംഗത്തും ഈ അതൃപ്തി ശരിക്കും നിഴലിക്കുന്നുണ്ട്. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി മേയര്‍ ബ്രോ എന്ന നിലയില്‍ തിളങ്ങിയ പ്രതിഛായയുമായാണ് പ്രശാന്ത് ഇവിടെ വോട്ടുതേടുന്നത്. നിര്‍ണായകമായ സര്‍ക്കാര്‍ ജീവനക്കാരും മധ്യവര്‍ഗവും ന്യൂനപക്ഷവോട്ടുകളും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഈ ഇടത് സ്ഥാനാര്‍ത്ഥി.

ശബരിമല പ്രധാന പ്രചരണ വിഷയമാവാത്തിടത്താളം സി.പി.എം വട്ടിയൂര്‍ക്കാവില്‍ സുരക്ഷിതമാണ്. പാളയത്തിലെപട കോണ്‍ഗ്രസിലും, ആര്‍.എസ്.എസിന്റെ അതൃപ്തി ബി.ജെ.പിയിലും ആശങ്കപരത്തുന്നുമുണ്ട്. പാലായില്‍ പരാജയപ്പെട്ട യു.ഡി.എഫിന് വട്ടിയൂര്‍ക്കാവ് കൂടി നഷ്ടമാവുന്നത് തികച്ചും ആത്മഹത്യാപരമായി മാറും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 19 സീറ്റിലെ വിജയത്തിന്റെ മാറ്റും അതോടെ കുറയും .

പിണറായി സര്‍ക്കാരിന് രണ്ടാമൂഴത്തിനായുള്ള അടവുനയത്തിനാണ് ഉപതെരഞ്ഞെടുപ്പ് വിജയം കരുത്തുപകരുക. ഉപതെരഞ്ഞെടുപ്പില്‍ സിക്‌സടിക്കുമെന്നു പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന്റെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനും ഇതോടെ ഇളക്കമുണ്ടാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയുടെ നിലയും കൂടുതല്‍ പരുങ്ങലിലാകും. ഇനി പ്രതിസന്ധികള്‍ മറകടന്ന് ബിജെപി വിജയിച്ചാലും യുഡിഎഫിന്റെ ഗതി അധോഗതിയാകും.

Top