തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മൂന്ന് ജില്ലകളില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം

കൊച്ചി: സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങി. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന് യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം.

കാസര്‍ഗോഡ് നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കാസര്‍ഗോഡ് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി അബ്ദുള്‍ മുനീറിനെ തോല്‍പ്പിച്ച് എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി കമ്പ്യൂട്ടര്‍ മൊയ്തീന്‍ 141 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.എല്‍ഡിഎഫ് 492 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് 351നും എന്‍ഡിഎ 212 വോട്ടുമാണ് നേടിയത്.അതേസമയം തെരുവത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ എം അബ്ദുള്‍ റഹിമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷര്‍ ആയപ്പോള്‍ രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്ത്ഷുഗര്‍ ഫാക്ടറി രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ നിര്‍മല(സിപിഐ എം സ്വതന്ത്ര) അട്ടിമറി വിജയം നേടി വിജയിച്ചു. ടി കെ ഉഷ യായിരുന്നു യു ഡി എഫ് (കേരള കോണ്‍ഗ്രസ് ജോസ് ) സ്ഥാനാര്‍ഥി.ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായില്ല. പട്ടികജാതി വനിതാ സംവരണ വാര്‍ഡ് ആയ ഇവിടെ കേരള കോണ്‍ ഗ്രസ് പ്രതിനിധി പ്രസന്നകുമാരി യുഡിഎഫിലെ തമ്മിലടി കാരണം രാജി വയ്ക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 കരുവറ്റും കുഴിയില്‍ യുഡിഎഫിന്റെ വാര്‍ഡ് എല്‍ ഡി എഫ്പിടിച്ചെടുത്തു.കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ബിജി സുനിലിനെ പരാജയപ്പെടുത്തിയാണ് സിപിഐ എം ലെ കെ ബി പ്രശാന്ത് അട്ടിമറി വിജയം നേയിയത്.

ആലപ്പുഴ ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കുമ്പിളിശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്ദിരാഭായിയെ (സി പി ഐ എം) പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധാ രാജീവ് വിജയിച്ചു.

പഞ്ചായത്ത് കക്ഷി നില എല്‍ഡിഎഫ് 7, , യുഡിഎഫ് 6, യുഡിഎഫ് സ്വത.1, ബിജെപി -1, നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണമാണിവിടെ.

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ കെ ബഷീര്‍(സിപിഐഎം) വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എം ബഷീര്‍, എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജഹാന്‍, ബിജെപിയിലെ ഇ കെ വിനോദ് എന്നിവരെ പരാജയപ്പെടുത്തിയാണ് ഒ കെ ബഷീര്‍ വിജയിച്ചത്. സിപിഐഎമ്മിലെ വി എ രാജന്റെ വേര്‍പാടാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.

പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും സീറ്റ് നിലനിര്‍ത്തി.
എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ ഒറ്റപ്പാലം നഗരസഭ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിപി ആര്‍ ശോഭന വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ശ്രീലതയേയും ബിജെപി സ്ഥാനാര്‍ത്ഥി പി സത്യഭാമയേയും തോല്‍പ്പിച്ച് 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിപി ആര്‍ ശോഭന വിജയിച്ചത്.

ഷൊര്‍ണൂര്‍ നഗരസഭ 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി സീന വിജയിച്ചു.പി അബ്ദുള്‍ റസാക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എം കെ ഷാജി ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു.
യുഡിഎഫ്അംഗം സി കെ സുനില്‍കുമാര്‍ മരണപ്പെട്ട ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഫിന് ജയം. പട്ടികവര്‍ഗ സംവരണ സീറ്റായ കോക്കുഴി വാര്‍ഡില്‍ 102 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാലന്‍ മാവിലോട് വിജയിച്ചത്.സുരേഷ് കോക്കുഴി യുഡിഎഫ് സ്ഥനാര്‍ഥിയും മഞ്ജു ബിജെപി സ്ഥാനാര്‍ഥിയായുമായിരുന്നു. വാര്‍ഡ് മെമ്പറായിരുന്ന എല്‍ഡിഎഫിലെ കെ വി രാജന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

എല്‍ഡിഎഫിനാണ് പഞ്ചായത്ത് ഭരണം.13 അംഗ ബോര്‍ഡില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങള്‍ വീതവും ബിജെപിക്ക് ഒരംഗവുമായിരുന്നു. ഒരാള്‍ രാജിവച്ചതോടെ എല്‍ഡിഎഫ് അംഗസംഖ്യ അഞ്ചായി. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെഇരുമുന്നണികളും വീണ്ടും ഒപ്പത്തിനൊപ്പമായി.

കണ്ണൂരിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം.യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി പ്രമോദ് (സിപിഐ എം) ആണ് വിജയിച്ചത്. എല്‍ഡിഎഫ് 495 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫ് 31 വോട്ട് മാത്രമാണ് ലഭിച്ചത്.

കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് ഡിവിഷനിലും എല്‍ഡിഎഫിന് വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി പ്രശാന്ത്(സിപിഐ എം) ആണ് വിജയിച്ചത്. യുഡി.എഫ് സ്ഥാനാര്‍ത്ഥി ഷിജു സതീഷ്, ബിജെപി സ്ഥാനാര്‍ത്ഥി അരുണ്‍ ശ്രീധര്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്.സിപിഐ എമ്മിലെ ടി എം കുട്ടികൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വന്നത്.

എല്‍ഡിഎഫ്– 27, യുഡിഎഫ്– 27, സ്വതന്ത്രന്‍– 1 എന്നിങ്ങനെയായിരുന്നു കണ്ണൂര്‍ കോര്‍പറേഷനിലെ കക്ഷിനില.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ തലശേരി നഗരസഭ ടെമ്പിള്‍വാര്‍ഡ് യുഡിഎഫ് പിടിച്ചു. മു്സ്ലിംലീഗ് സ്ഥാനാര്‍ത്ഥി എ കെ സക്കരി 63 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ അജേഷായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. 663 വോട്ട് യുഡിഎഫിന് ലഭിച്ചപ്പോള്‍ 600 വോട്ടാണ് ബിജെിപിയ്ക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി അഹമ്മദിന് 187 വോട്ടാണ് ലഭിച്ചത്.വിമതനായ സ്വതന്ത്രസ്ഥാനാര്‍ഥി മുസ്താഖ് കല്ലേരി 30 വോട്ട് ലഭിച്ചു.

Top