തോറ്റത് നിങ്ങൾ മാത്രം, മാധ്യമങ്ങൾക്ക് മാസ് മറുപടിയുമായി കവലകളിൽ ബോർഡുകൾ . .

cpm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ സര്‍ക്കാറിനും ഇടതുപക്ഷത്തിനും നേരെ നടത്തിയ പ്രചരണങ്ങള്‍ക്ക് മാസ് മറുപടിയുമായി സി.പി.എം പ്രവര്‍ത്തകര്‍ രംഗത്ത്.

സോഷ്യല്‍ മീഡിയകളില്‍ മാത്രമല്ല, ചെങ്ങന്നുര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലും മാധ്യമങ്ങള്‍ക്കെതിരെ വ്യാപക പ്രചരണങ്ങളാണ് ഉള്ളത്. പ്രധാനമായും ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകളെയാണ് പരിഹസിക്കുന്നത്.

ഈ ദൃശ്യമാധ്യമങ്ങളുടെ ലോഗോ ആലേഖനം ചെയ്ത ബോര്‍ഡുകളിലും പോസ്റ്റുകളിലും ‘ചെങ്ങന്നൂര്‍ . . തോറ്റത് നിങ്ങളാണ്, ജയിച്ചത് ഞങ്ങളാണ് ‘ എന്ന വാക്കുകളാണ് എഴുതിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ ആരവം മുഴക്കുന്ന വലിയ ആള്‍ക്കൂട്ടവും ഉണ്ട്. ആരുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും മിക്കയിടത്തും സി.പി.എം പ്രവര്‍ത്തകരാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കവെ കോട്ടയത്തെ കെവിന്‍ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ചാനലുകള്‍ രൂക്ഷമായ കടന്നാക്രമണമാണ് സര്‍ക്കാറിനും ഇടതുപക്ഷത്തിനും എതിരെ നടത്തിയിരുന്നത്. പ്രതികളില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ ഉണ്ടെന്ന് വ്യക്തമാക്കി ഇവര്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രകടനത്തില്‍ പങ്കെടുക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

media

സാധാരണ ഗതിയില്‍ നിന്നും മാറി പകലും രാത്രിയും എന്ന് ഭേദമില്ലാതെ ചാനല്‍ ചര്‍ച്ചകള്‍ നടത്തി ചുവപ്പിനെ ‘ കീറി മുറിച്ചു’. ഈ അവസരം പരമാവധി മുതലെടുക്കാന്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരുപ്പ് നടത്തി. ചാനല്‍ ‘കണ്ണുകള്‍’ മുഴുവന്‍ ഈ സമയമത്രയും കോട്ടയത്തേക്കായിരുന്നു.

ഈ വാര്‍ത്ത ചെങ്ങന്നുരില്‍ വൈറലാക്കണമെന്ന വാശിയില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്ത വീഡിയോ സഹിതം മണ്ഡലത്തില്‍ പ്രചരിപ്പിച്ചു. തീര്‍ന്നില്ല, പോളിങ് ബൂത്തില്‍ എത്തുന്നതിനു മുന്‍പ് പരമാവധി വോട്ടര്‍മാരില്‍ കെവിന്‍ കൊലപാതകത്തിലെ ‘ചെങ്കൊടി’ പങ്കും പൊലീസിന്റെ കൃത്യവിലോപവും മൗത്ത് പബ്ലിസിറ്റി വഴി അറിയിക്കുകയും ചെയ്തു. ചിലയിടത്ത് കേബിള്‍ കട്ടായതിനാലാണ് ഈ തന്ത്രം പയറ്റിയത്. ഇടതുപക്ഷ പ്രവര്‍ത്തകരെ ആകെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു അത്.

ചെങ്ങന്നൂരില്‍ വിജയം ഉറപ്പിച്ച നേതാക്കള്‍ക്ക് പോലും മണ്ഡലത്തില്‍ കാലിടറുമോ എന്ന ആശങ്കയുണ്ടായി. അത്രയും ഭീകരമായിരുന്നു മാധ്യമ പ്രതിപക്ഷ കടന്നാക്രമണം.

media

കെവിനെ പിടിച്ചു കൊണ്ടുപോകാന്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കിയവനടക്കം രണ്ടുപേരെ ഡി.വൈ.എഫ്.ഐ പുറത്താക്കിയിട്ടും, കൃത്യവിലോപം കാണിച്ച എസ്.ഐ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്റ് ചെയ്യുകയും എസ്.പിയെ സ്ഥലം മാറ്റുകയും ചെയ്തിട്ടും കടന്നാക്രമണത്തിന് ഒരു കുറവും വന്നില്ല.

കെവിനും പിതാവും ആ കുടുംബവും എല്ലാം കമ്യൂണിസ്റ്റു സഹയാത്രികരാണെന്നതും അവരുടെ സഹായത്തിന് സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നതെന്നും വോട്ടെടുപ്പ് ദിവസം മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ആയിരുന്നില്ല. ഒടുവില്‍ ഡി.വൈ.എഫ്.ഐക്ക് തന്നെ സ്വന്തം നിലക്ക് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട് കാര്യങ്ങള്‍ പറയേണ്ടി വന്നു.

ഇത്രയും കടുത്ത കടന്നാക്രമണമുണ്ടായിട്ടും അതിനെ അതിജീവിച്ച് ചെങ്ങന്നൂരില്‍ ചരിത്ര വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് വളഞ്ഞിട്ട് ആക്രമിച്ച മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ ‘പണി’ കൊടുക്കുന്നത്.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top