തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് മുന്നണികൾ . . .

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ നേടി യുഡിഎഫ്.

ഫലം അറിഞ്ഞ 26ല്‍ 15 സീറ്റിലും യു.ഡി.എഫ് വിജയിച്ചപ്പോള്‍ 10 സീറ്റില്‍ എല്‍.ഡി.എഫും ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. എല്‍.ഡി.എഫില്‍ നിന്ന് നാല് സീറ്റും സ്വതന്ത്രരില്‍ നിന്ന് രണ്ട് സീറ്റും യു.ഡി.എഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്തുകളിലെ നാല് എല്‍.ഡി.എഫ് സീറ്റുകളില്‍ മൂന്നെണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയുമാണ് നേടിയത്.

കാരോട് പഞ്ചായത്തിലെ കാന്തല്ലൂര്‍ വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായപ്പോള്‍ ബിജെപി പിടിച്ചെടുത്തു. സിപിഎമ്മില്‍ നിന്ന് ബിജെപിയുടെ കെ.പ്രമോദാണ് സീറ്റ് പിടിച്ചെടുത്തത്.

ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ യുഡിഎഫാണ് വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ ഇവിടെ ജയിച്ചത് സ്വതന്ത്രനായിരുന്നു. അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫാണ് പിടിച്ചെടുത്തത്. 149 വോട്ടിനാണ് ഈ വാര്‍ഡ് പിടിച്ചെടുത്തത്.

കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട് വാര്‍ഡ് കോണ്‍ഗ്രസിലെ ഷിബു കുമാറാണ് പിടിച്ചെടുത്തത്. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡ് കോണ്‍ഗ്രസിലെ അശ്വതി പ്രദീപ് 190 വോട്ടുകള്‍ക്ക് പിടിച്ചെടുത്തപ്പോള്‍ പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.രാജേന്ദ്രനാണ് വിജയിച്ചത്. 27 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊല്ലം കുളക്കട പഞ്ചായത്തിലെ മലപ്പാറ യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫാണ് പിടിച്ചെടുത്തത്. എല്‍ഡിഎഫിലെ സുനില്‍ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ 198 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കുണ്ടറ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ അനില്‍ കുമാറാണ് വിജയിച്ചത്. എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ 13-ാം വാര്‍ഡ് യുഡിഎഫ് നില നിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ജോളി ജോര്‍ജ് 161 വോട്ടുകള്‍ക്ക് ജയിച്ചു.

കളമശ്ശേരി നഗരസഭയിലെ 32-ാം വാര്‍ഡും യുഡിഎഫ് തന്നെയാണ് നിലനിര്‍ത്തിയത്. എല്‍ഡിഎഫിലെ എ.കെ.സിബിനെതിരെ യുഡിഎഫിലെ ടി.ആര്‍.വിനോദ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

തൃശൂര്‍ ജില്ലയിലെ കുഴൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ നീത കൃഷ്ണ വിജയിച്ചു. ഇടത് സ്വതന്ത്ര ജെസി പോളിയെ 118 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫാണ് പിടിച്ചെടുത്തത്.

പല്ലശനയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യശോദയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ സുനിലിനെയാണ് എല്‍ഡിഎഫ് പരാജയപ്പെടുത്തിയത്, യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

തെങ്കര 12-ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സി.എച്ച്.ഷനോബാണ് വിജയക്കൊടി പാറിച്ചത്. നെല്ലിയാമ്പതി പുലയമ്പാറ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ മീന വിജയിച്ചപ്പോള്‍ പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ രതിമോള്‍ വിജയിച്ചു

പാലക്കാട് നഗരസഭയിലെ 17-ാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രയെ 87 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ റിസ്വാന പരാജയപ്പെടുത്തിയത്. ഷൊര്‍ണൂര്‍ നഗരസഭയിലെ 17-ാം വാര്‍ഡും യുഡിഎഫ് തന്നെ നിലനിര്‍ത്തി. 479 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ പി.ആര്‍.പ്രവീണ്‍ ആണ് ജയിച്ചത്. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ വി.കെ.ശ്രീകണ്ഠന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. 357 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി.നസീറയാണ് വിജയിച്ചത്. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാള്‍ 12-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 23 വോട്ടുകള്‍ക്ക് സാഹിറ റഷീദാണ് വിജയിച്ചത്.

കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ.അനിത 255 വോട്ടുകള്‍ക്ക് വിജയിച്ചു. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ നസീബാറായ് 903 വോട്ടിനാണ് വിജയിച്ചത്. രമ്യ ഹരിദാസ് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കാസര്‍ഗോട് ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി എ.ടി.സരസ്വതി 344 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

Top