തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. 28 സീറ്റുകളില്‍ 13 എണ്ണത്തിലാണ് ഇരു മുന്നണികളും വിജയിച്ചത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഓരോ സീറ്റ് ബിജെപി പിടിച്ചെടുത്തു.

കേരള കോണ്‍ഗ്രസുകാര്‍ നേര്‍ക്കുനേര്‍ പോരാടിയ കോട്ടയം അകലക്കുന്നില്‍ ജോസ് കെ.മാണി വിഭാഗം വിജയിച്ചു. പി.ജെ ജോസഫ് ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ മത്സരിപ്പിച്ച ബിബിന്‍ തോമസിനെ തോല്‍പിച്ചാണ് ജോസ്.കെ മാണി വിഭാഗം വിജയം നേടിയത്. ജോസ് കെ. മാണി വിഭാഗം സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് മൈലാടി 63 വോട്ടിന്റെ ഭൂരിക്ഷത്തിനാണ് വിജയിച്ചത്.

അകലകുന്നവും കൂട്ടിയാണ് യുഡിഎഫിന് 13 സീറ്റ്. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഹൊണ്ണമൂല വാര്‍ഡ് ലീഗില്‍ നിന്നും പിടിച്ചെടുത്തതടക്കം 13 ഇടത്താണ് എല്‍ഡിഎഫ് ജയിച്ചത്. കോന്നി ഗ്രാമപഞ്ചായത്തിലെ എലിയറക്കല്‍വാര്‍ഡും, മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് 11ാം വാര്‍ഡും എല്‍.ഡി.എഫില്‍ നിന്നും ആലപ്പുഴ പുളിങ്കുന്നത് പഞ്ചായത്ത് 16ാം വാര്‍ഡും, തലശേരി മുനിസിപ്പാലിറ്റിയിലെ ടെംപിള്‍ വാര്‍ഡും ബിജെപിയില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.

വൈക്കം നഗരസഭയിലെ 21ാം വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ഥി കെ.ആര്‍ രാജേഷ് യുഡിഎഫില്‍നിന്ന് സീറ്റ് പിടിച്ചെടുത്ത് അട്ടിമറി വിജയം നേടിയത്. തൃശൂര്‍ മുല്ലശേരി പഞ്ചായത്തിലെ എല്‍ഡിഎഫ് കോട്ടയായ താണവീഥി വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ഥി ടിജി പ്രവീണ്‍ വിജയിച്ചത്. കോഴിക്കോട് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു വാര്‍ഡുകളില്‍ നാലിടത്തും ഇടതുമുന്നണി വിജയിച്ചു.

Top