നിലപാടില്‍ മാറ്റമില്ല; വട്ടിയൂര്‍ക്കാവില്‍ സി.പി.എം-ബി.ജെ.പി വോട്ടുകച്ചവടമുണ്ടെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ സി.പി.എം-ബി.ജെ.പി വോട്ടുകച്ചവടമുണ്ടെന്ന് വര്‍ഷങ്ങളായി ജനപ്രതിനിധിയായ തനിക്കും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും അറിയാമെന്ന് കെ.മുരളീധരന്‍ എം.പി. വോട്ടുകച്ചവട ആക്ഷേപത്തില്‍ വിശ്വസിക്കുന്നില്ലെന്ന ശശിതരൂര്‍ എം.പിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന സര്‍ക്കാരിന്റ വീഴ്ച ചൂണ്ടിക്കാണിക്കുന്നതിനായിരിക്കണം യു.ഡി.എഫ് പ്രധാന്യം നല്‍കേണ്ടത്. വ്യക്തികേന്ദ്രീകൃതമായ ആരോപണങ്ങളാകാം, പക്ഷെ അതുമാത്രമായി പോകരുതെന്നും തരൂര്‍ പറഞ്ഞു.

തരൂരിന്റ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ലെന്ന് പറഞ്ഞ മുരളീധരന്‍ സി.പി.എം ബി.ജെ.പി വോട്ടുകച്ചവടം വെറും ആക്ഷേപമല്ലെന്നും സംശയമുള്ളവര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രനോടും രമേശ് ചെന്നിത്തലയോടും ചോദിക്കാമെന്നും പ്രതികരിച്ചു. വോട്ടുകച്ചവടത്തെക്കുറിച്ച് പലതവണ പ്രതികരിച്ചിട്ടുണ്ടെന്നും തരൂരിന്റ പ്രസ്താവനയില്‍ മറുപടി പറയുന്നില്ലെന്നും മുല്ലപ്പള്ളിയും പറഞ്ഞിരുന്നു.

Top