ഉപതെരഞ്ഞെടുപ്പ്; നാല് സംസ്ഥാനങ്ങളിൽ ബിജെപി മുമ്പിൽ

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടരുന്നു. നാല് സംസ്ഥാനങ്ങളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹരിയാന, ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബിഹാറിൽ ബിജെപിയുടെ സിറ്റിങ് സീറ്റായ ​ഗോപാൽ​ഗഞ്ചിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. ​ഗോപാൽ​ഗഞ്ചിൽ 12 റൗണ്ടുകൾ പിന്നിട്ടപ്പോഴാണ് ബിജെപി മുന്നിലെത്തിയത്. ആർജെഡിയുടെ സിറ്റിങ് സീറ്റായ മൊകാമയിലും ആർജെഡി തന്നെയാണ് മുമ്പിൽ. നിതീഷ് കുമാർ ബിജെപിയിൽ നിന്ന് അകന്നതിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പാണെന്നതും ആർജെഡിക്ക് നിർണായകമാണ്. ഗോപാൽ​ഗഞ്ചിൽ കുസും ദേവിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. കുസും ദേവിയുടെ ഭർത്താവും ബിജെപി നേതാവുമായ സുഭാഷ് സിം​ഗിന്റെ മരണത്തെ തുടർന്നാണ് ​മൊകാമയിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. മൊകാമയിൽ നീലം ദേവിയാണ് ആർജെഡി സ്ഥാനാർത്ഥി

കടുത്ത മത്സരം നടന്ന തെലങ്കാനയിലെ മനുഗോഡയില്‍ ടിആർഎസ് 700 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. ആദ്യ റൗണ്ടില്‍ മുന്നില്‍ ടിആര്‍എസായിരുന്നെങ്കിലും നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ നേരിയ ഭൂരിപക്ഷത്തോടെ ബിജെപി മുന്നിലെത്തിയിരുന്നു. പിന്നീട് ബിജെപിയും ടിആര്‍എസും ഒപ്പത്തിനൊപ്പമെത്തിയിരുന്നു. മനു​ഗോഡയിൽ കോണ്‍ഗ്രസ് എംഎല്‍എ കെ രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെ രാജഗോപാല്‍ റെഡ്ഡിയാണ് ബിജെപി സ്ഥാനാര്‍ഥി. കെ പ്രഭാകര്‍ റെഡ്ഡിയാണ് ടിആര്‍എസ് സ്ഥാനാര്‍ഥി. പലവായ് ശ്രാവന്തി റെഡ്ഡിയാണ് കോണ്‍ഗ്രസിനായി മത്സരിച്ചത്.

 

Top