രാഹുലിൽ വയനാട്ടിൽ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് ചാനലും പ്രചരിപ്പിച്ച് ബി.ജെ.പി. നേതാക്കളും

ഡല്‍ഹി: ‘വയനാട്ടിലെ എം.പി. ഓഫീസ് തകര്‍ത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെ’ന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് ദേശീയമാധ്യമമായ ‘സീ ന്യൂസ്.’ ഉദയ്പുരിലെ തയ്യല്‍ക്കാരന്‍ കനയ്യലാലിനെ കൊന്നവരെ രാഹുല്‍ കുട്ടികളെന്നു വിശേഷിപ്പിച്ചതായാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. വയനാട് പ്രസ്താവനയുടെ ഒരുഭാഗംമാത്രം ചേര്‍ത്തായിരുന്നു വാര്‍ത്ത.

ഇതിന്റെ വീഡിയോ മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവര്‍ധന്‍ സിങ് റാഥോഡ് അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചാനല്‍ മാപ്പുപറഞ്ഞെങ്കിലും നിയമനടപടി സ്വീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

വീഡിയോ പ്രചരിപ്പിച്ച ബി.ജെ.പി. നേതാക്കളും ശനിയാഴ്ചയ്ക്കുള്ളില്‍ മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കയച്ച കത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് അറിയിച്ചു. ബി.ജെ.പി. നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കുപ്രചാരണങ്ങളും നുണകളുമാണ് ബി.ജെ.പി.-ആര്‍.എസ്.എസ്സിന്റെ അടിത്തറ എന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

Top