ഏത് ‘അളവ് കോൽ’ ഉപയോഗിച്ച് പരിശോധിച്ചാലും, ചിന്ത ജെറോം ചെയ്തത് ന്യായീകരിക്കാൻ കഴിയുകയില്ല

റ്റൊരു സഖാവിനും നൽകാത്ത പരിഗണനയാണ് കേരളത്തിലെ സി.പി.എം നേതൃത്വം ചിന്ത ജെറോമിനു നൽകിയിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാകുക എന്നു പറഞ്ഞാൽ അത് വലിയ ഒരു കാര്യം തന്നെയാണ്. അതുപോലെ തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനവും അവർക്ക് സി.പി.എം നൽകിയിരിക്കുന്നത്. ഇത്രയും വലിയ പരിഗണന നൽകാൻ മാത്രം എന്ത് അധിക യോഗ്യതയാണ് ചിന്തയ്ക്ക് ഉള്ളത് എന്നത് തീർച്ചയായും ചിന്തയെങ്കിലും ചിന്തിയ്ക്കേണ്ട കാര്യമാണ്. ഇങ്ങനെ വാരിക്കാരി പരിഗണന നൽകുന്ന പാർട്ടിയും അതിന്റെ അണികളുമാണ് ചിന്ത ജെറോം കാരണം പൊതു സമൂഹത്തിനു മുന്നിൽ നിരന്തരം പ്രതിരോധത്തിലായി കൊണ്ടിരിക്കുന്നത്.

2021 – ൽ ആയിരുന്നു ചിന്തക്കെതിരായ ആദ്യ ആരോപണം. പിൻവാതിലിലൂടെ കോവിഡ് വാക്സിനെടുത്തെന്ന ആരോപണമാണ് അക്കാലത്ത് ചിന്തജെറോം നേരിട്ടിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കണമെന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമാണെന്നും ഇതിന്റെ ഭാഗമായാണ് താൻ വാക്സിന്‍ സ്വീകരിച്ചതെന്നുമാണ് ചിന്ത ജെറോം മറുപടി നൽകിയിരുന്നത്. എന്നാൽ അന്ന് 18 നും 45 നും ഇടയിലുള്ളവരുെടെ വാക്സിനേഷൻ ആരംഭിക്കാത്തത് ചൂണ്ടിക്കാട്ടി ചിന്തക്ക് എങ്ങനെ വാക്സിൻ ലഭ്യമായി എന്ന ചോദ്യമാണ് അഭിഭാഷകൻ ഉൾപ്പെടെ ഉയർത്തിയിരുന്നത്. “യുവാക്കൾ പിൻവാതിൽ വാക്‌സിനേഷൻ എടുക്കുന്നതിനാലാണ് അർഹതപ്പെട്ടവർക്ക് വാക്സിൻ ലഭിക്കാത്തതെന്ന” ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ ഉയർന്ന ഈ വിമർശനം ഡി.വൈ.എഫ്.ഐ പ്രവർത്തകരിലും വ്യാപകമായാണ് അസ്വസ്ഥത സൃഷ്ടിച്ചിരുന്നത്.

ഇതിനു ശേഷം സംസ്ഥാന യുവജനകമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ശബള വർദ്ധനവ് ആവശ്യപ്പെട്ട ചിന്ത ജെറോമിന്റെ നടപടിയാണ് വീണ്ടും അവരെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യം പരിഗണിക്കാതെയുള്ള ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നിരുന്നത്. തുടർന്ന് ഇത്തരം ഒരാവശ്യം ഉന്നയിച്ചിട്ടില്ലന്ന് ചിന്ത അവകാശപ്പെട്ടെങ്കിലും അതിനും അൽപായുസ് മാത്രമാണ് ഉണ്ടായിരുന്നത്.

മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതോടെ ചിന്തയുടെ വാദങ്ങൾ കൂടിയാണ് പൊളിച്ചടക്കപ്പെട്ടിരുന്നത്. 06.1.2017 മുതൽ 26.5.2018 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് അനുവദിച്ചിരുന്നത്. ഇക്കാലയളവിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം നൽകിയിരുന്നത്. ഒരുലക്ഷം രൂപയാക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപയാണ് ചിന്തക്ക് അധികമായി ലഭിക്കുന്നത്. 26.5.2018 മുതൽ ചിന്തയുടെ ശമ്പളം ഒരുലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയതിനാൽ ഇപ്പോൾ ആ തുക തന്നെയാണ് ലഭിച്ചു വരുന്നത്. ശമ്പള കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.2022-ന് ആണ് സർക്കാരിന് കത്തെഴുതിയിരുന്നത്.

യുവജന കമ്മീഷൻ അധ്യക്ഷയായി നിയമിതയായ 14.10.2016 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും ആയതിനാൽ 14.10.2016 മുതൽ 25.5.2018 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈപറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശ്ശിക അനുവദിക്കണമെന്നാണ് 20.8.2022 ൽ ചിന്ത ജെറോം സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തികപ്രയാസത്തിന്റെ കണക്കുകള്‍ മാത്രം മുന്നോട്ടുവയ്ക്കപ്പെടുന്ന ഇക്കാലത്ത് ധനകാര്യ വകുപ്പിന്റെ വിവാദ ഉത്തരവ് മാത്രമല്ല ചിന്തയുടെ കത്തും ന്യായീകരിക്കപ്പെടുകയില്ല.

ചിന്തക്കെതിരെ ഉയർന്ന മറ്റൊരു വിവാദം ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. കേരള സർവ്വകലാശാല ഇതു സംബന്ധമായി ഇതിനകം തന്നെ അന്വേഷണവും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഇതോടെ ചിന്തയുടെ ഡോക്ടറേറ്റ് ഉൾപ്പെടെയാണ് ത്രിശങ്കുവിലായിരിക്കുന്നത്. ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതി ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ചെന്ന ഗുരുതര ആക്ഷേപമാണ് . ചിന്താ ജെറോം നിലവിൽ നേരിടുന്നത്. ഗവേഷണ പ്രബന്ധം സംബന്ധിച്ച് കോപ്പിയടി ആരോപണം കൂടി പുറത്തുവന്നതോടെ വിഷയത്തിൽ കൂടുതൽ ഗൗരവമായ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.


ഇതിനിടെ വാഴക്കുല രചിച്ചത് വൈലോപ്പിള്ളി എന്ന് പരാമർശിച്ച ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങമ്പുഴയുടെ മകൾ ലളിതയും പരസ്യമായി രംഗത്തു വരുന്ന സാഹചര്യമുണ്ടായി. തെറ്റു തിരുത്തി പുതിയ പ്രബന്ധം ചിന്ത സമർപ്പിക്കട്ടെയെന്നാണ് അവർ പ്രതികരിച്ചിരുന്നത്. ഇതിനു തൊട്ടു പിന്നാലെ ലളിതയെ ചിന്ത സന്ദർശിച്ചെങ്കിലും ഈ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയത് നോട്ടപ്പിശകെന്നാണ് ചിന്തയുടെ വാദം. പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തില്‍ രേഖപ്പെടുത്തിയ വന്‍ പിഴവ് ചൂണ്ടിക്കാണിച്ചവര്‍ക്കു നന്ദി അറിയിക്കുന്നതായും ചിന്ത വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. തനിക്കെതിരെ വന്ന കോപ്പിയടി ആരോപണവും ചിന്ത തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു വെബ്സൈറ്റിൽ, 2010-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തിൽ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയതും അതേപടി ചിന്ത തീസിസിൽ പകർത്തിയെന്നാണ് കോപ്പിയടി വിവാദം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പേരിൽ ചിന്തയുടെ ഗൈഡിനെതിരെവരെ നടപടിയെടുക്കാനുള്ള വകുപ്പുകൾ യൂണിവേഴ്സിറ്റിയുടെ നിയമാവലിയിലുളളതിനാൽ ഇപ്പോൾ നടക്കുന്ന അന്വേഷണം അന്നത്തെ ഗൈഡിനെ സംബന്ധിച്ചും നിർണ്ണായകമാണ്.

‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ” എന്ന ഗവേഷണ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനംചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന് പറയുന്ന ഭാഗത്താണ് ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് ചിന്ത എഴുതിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെടാതെ പോയതെങ്ങനെയെന്നത് ചർച്ചയായ സമയത്താണ് ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടി വിവാദവും പൊങ്ങിവന്നിരുന്നത്. ഇതു സംബന്ധമായി കേരള സർവ്വകലാശാല വൈസ് ചാൻസലർ നൽകുന്ന റിപ്പോർട്ടിൽ ഗവർണ്ണർ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് അക്കാദമിക് സമൂഹം ഉറ്റുനോക്കുന്നത്.

വാഴക്കുല സുഷ്ടിച്ച കോളിളക്കത്തിനു തൊട്ടു പിന്നാലെ ചിന്ത ജെറാമിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന വാർത്തയാണ് ‘മലയാളി വാർത്ത’ പുറത്തു വിട്ടിരിക്കുന്നത്. കൊല്ലത്തെ പ്രമുഖ ഫോര്‍സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്ന് ചിന്താ ജെറോം വിശദീകരിക്കുമ്പോൾ ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നതാണ് രാഷ്ട്രീയ എതിരാളികളായ യൂത്ത് കോൺഗ്രസ്സുകാർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക എന്നും ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഇവരുടെ വാദം.

എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത ജെറോം പറയുന്നത്. ഇതിലെ യാഥാർത്ഥ്യം അത് എന്തു തന്നെയായാലും സി.പി.എം ഗൗരവമായി തന്നെ പരിശോധിക്കേണ്ട കാര്യമാണിത്. പാർട്ടി അംഗങ്ങളുടെ സ്വഭാവം മുതൽ സ്വത്തുക്കൾ വരെ നിരന്തരം നിരീക്ഷിക്കുകയും തെറ്റു തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന സി.പി.എം നേതൃത്വം ആ സംഘടനാ ഉത്തരവാദിത്വം ചിന്തയുടെ കാര്യത്തിലും നടപ്പാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക തന്നെ വേണം.

സംസ്ഥാനത്തെ പാർട്ടിയുടെ ഏറ്റവും ഉയർന്ന സംവിധാനത്തിന്റെ ഭാഗമാണ് ചിന്ത ജെറോം അതു കൊണ്ടു തന്നെ ഉയർന്ന ഉത്തരവാദിത്വ ബോധമാണ് അവരിൽ നിന്നും സാധാരണ പാർട്ടി സഖാക്കളും പ്രതീക്ഷിക്കുക. സർക്കാർ സംവിധാനത്തിനു കീഴിൽ നിരവധി ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ കൊല്ലത്തു തന്നെ ഉണ്ടായിട്ടും സ്വകാര്യ റിസോർട്ടിൽ അമ്മക്ക് ചികിത്സ ഏർപ്പെടുത്തിയത് എന്തായാലും അംഗീകരിക്കാൻ കഴിയുന്നതല്ല. അതു കൊണ്ടു തന്നെയാണ് ഇടതുപക്ഷ അണികൾക്കു പോലും ചിന്തയുടെ വാദങ്ങൾ ദഹിക്കാതിരിക്കുന്നത്. തൊഴിലാളി വർഗ്ഗ പാർട്ടിയുടെ തലപ്പത്ത് ഇരുന്ന് ബൂർഷ്യാ പാർട്ടി നേതാക്കളുടെ സ്വഭാവം ആര് കാണിച്ചാലും അത് എതിർക്കപ്പെടേണ്ടതു തന്നെയാണ്.

കോവിഡ് കാലമായതുകൊണ്ട് വീടുപണി പൂര്‍ത്തിയാകാന്‍ കാലതാമസം എടുത്തെന്നും അതുവരെ റിസോർട്ടിൽ താമസിക്കേണ്ടതായി വന്നുവെന്നും പറയുന്ന ചിന്ത ഒരു കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തക ജീവിതത്തിൽ പാലിക്കേണ്ട സാമാന്യ മൂല്യങ്ങൾ എന്താണെന്നത് ഇനിയെങ്കിലും മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്. സ്വന്തമായി ഒരു വീടുപോലും ഇല്ലാതെ അനവധി വർഷക്കാലം പാർട്ടിക്കു വേണ്ടി ജീവിച്ച സി.പി.എം നേതാവ് പി.കെ ഗുരുദാസന് ഈ അടുത്ത കാലത്താണ് സി.പി.എം ഒരു വീട് വച്ചു നൽകിയിരുന്നത്. ദീർഘകാലം കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ആ സഖാവും ഭാര്യയും ഇന്നുവരെ ഒരു റിസോർട്ടിലേക്കും ആഢംബര കെട്ടിടങ്ങളിലേക്കും താമസം മാറ്റിയിട്ടില്ല. അതാണ് യഥാർത്ഥ കമ്യൂണിസ്റ്റുകളുടെ ജീവിതരീതി.

ചിന്തയും അമ്മയും താമസിച്ച റിസോർട്ടിലെ അപ്പാര്‍ട്ട്‌മെന്റിന് പ്രതിദിനം എണ്ണായിരം രൂപയായാലും ചിന്ത പറയുന്നതു പോലെ മാസം വെറും 20,000 രൂപയായാൽ പോലും അവിടേക്ക് താമസം മാറ്റിയത് തെറ്റു തന്നെയാണ്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം യുവജന കമ്മീഷൻ അദ്ധ്യക്ഷ ഭാവിയിലെ മന്ത്രി എന്നൊക്കെ കണക്കു കൂട്ടുന്ന റിസോർട്ട് ഉടമകളുടെ കച്ചവടകണ്ണുകൾ വാടക കുറച്ചു നൽകുക മാത്രമല്ല താമസം തന്നെ സൗജന്യമാക്കി നൽകിയാൽ പോലും ആ ഓഫർ കമ്യൂണിസ്റ്റു പാർട്ടി നേതാക്കൾ സ്വീകരിക്കാൻ പാടുള്ളതല്ല. പൊതു സമൂഹം കമ്യൂണിസ്റ്റു പാർട്ടി പ്രവർതകരിൽ നിന്നും ആഗ്രക്കുന്നതും അതാണ്.

ചിന്ത ജെറോം കേവലം ഒരു വ്യക്തി മാത്രമല്ല സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സംസ്ഥാന നേതാവ് കൂടിയാണ്. അതു കൊണ്ടു തന്നെ അവർക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതിരോധത്തിൽ ആകുന്നതും ചോദ്യം ചെയ്യപ്പടുന്നതും ഇടതുപക്ഷ രാഷ്ട്രീയം കൂടിയാണ്. സ്വന്തം പ്രവർത്തിയിലൂടെ സമൂഹത്തിൽ അവമതിപ്പ് സൃഷ്ടിക്കുന്നവർക്ക് രാഷ്ട്രീയ എതിരാളികളെ വിമർശിക്കാനുള്ള അവകാശം കൂടിയാണ് നഷ്ടമാവുക. സാധാരണ പാർട്ടി പ്രവർത്തകർക്ക് ഒരു നീതി ചിന്തയ്ക്ക് മറ്റൊരു നീതി എന്നത് ഇനിയെങ്കിലും തിരുത്തപ്പെടേണ്ടതുണ്ട്. ഈ കാര്യങ്ങൾ കൂടി മുഖവിലക്കെടുത്ത് ചിന്തക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സി.പി.എം നേതൃത്വം ഗൗരവമായ പരിശോധനയ്ക്ക് ഉടൻ തയ്യാറാകേണ്ടതുണ്ട്.

അതല്ലങ്കിൽ ചിന്ത ജെറോം മാത്രമല്ല മറ്റുള്ളവരും ഇത്തരം തെറ്റായ രീതികൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. അതും തിരിച്ചറിയണം. സംഘടനാ പ്രവർത്തനത്തെ അവസരവാദ രാഷ്ട്രീയ ‘കളരിയാക്കി’ മാറ്റിയ സിന്ധു ജോയിമാരല്ല യാതൊരു പദവിയും ആഗ്രഹിക്കാതെ തെരുവിൽ ചോര കൊണ്ട് ചരിത്രമെഴുതിയ ഗീനകുമാരിയെ പോലെയുള്ളവരാണ് അന്നും ഇന്നും പൊരുതുന്ന മനസ്സുകൾക്ക് മാതൃകയാകുന്നത്. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാർത്ഥ്യം തന്നെയാണ് . . .

EXPRESS KERALA VIEW

Top