1000 രൂപയുടെ കൂപ്പൺ വാങ്ങിയാൽ 68 സെന്റ് ഭൂമി; നറുക്കെടുപ്പിന് സ്വന്തം സ്ഥലം വച്ച് ദമ്പതികൾ

തൃശൂര്‍: നാല് വര്‍ഷം തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഭൂമി വില്‍ക്കാനാകാതെ വന്നതോടെ ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പുതുക്കാട് കല്ലൂര്‍ നായരങ്ങാടി തുണിയമ്പ്രാലില്‍ മുജി തോമസും ഭാര്യ ബൈസിയും. ലക്ഷങ്ങള്‍ വില വരുന്ന തങ്ങളുടെ 68 സെന്റ് സ്ഥലം നറുക്കെടുപ്പിന് വച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.

ഈ ഭാഗ്യ പരീക്ഷണത്തിന് ചിലവ് ആയിരം രൂപയാണ്. ആയിരം മുടക്കി ഒരു സമ്മാന കൂപ്പണ്‍ എടുക്കുക. നിശ്ചിത ദിവസത്തിന് ശേഷം ഒരാളെ നറുക്കെടുത്ത് അയാള്‍ക്ക് ഈ ഭൂമി നല്‍കും. അങ്ങനെ ഒരു ഭാഗ്യ ശാലിക്ക് തങ്ങളുടെ 68 സെന്റ് സ്ഥലം വെറും ആയിരം രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് ഇവര്‍ പറയുന്നത്.

കടബാധ്യതകള്‍ തീര്‍ക്കാനും മകന്റെ പഠനചെലവിനുമായാണ് ഈ ഭൂമി വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചത്. രണ്ട് പ്രളയവും കൊവിഡ് കാലവുമെല്ലാമെത്തിയതോടെ ഭൂമി കച്ചവടം തന്നെ മന്ദഗതിയിലായതാണ് വില്‍പ്പന നടക്കാത്തതിനുള്ള കാരണം. ചിലര്‍ ഭൂമി വാങ്ങാന്‍ താല്‍പര്യം കാണിച്ചെങ്കിലും ന്യാ.വിലപോലും നല്‍കാന്‍ താത്പര്യം കാണിച്ചില്ലെന്ന് ഇവര്‍ പറയുന്നു. അങ്ങനെ ഇരിക്കയാണ് കൂപ്പണ്‍ വച്ചുള്ള നറുക്കെടുപ്പെന്ന ആശയം ഉദിച്ചത്. വക്കീലിനോട് ഇക്കാര്യം അറിയിച്ചപ്പോള്‍ നികുതിയടക്കമുള്ള നിയമവശങ്ങള്‍ പറഞ്ഞു തന്നു. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ അറിയിച്ച് മുന്നോട്ട് പോവുകയായിരുന്നുവെന്ന് മുജി പറഞ്ഞു.

ഓഗസ്റ്റ് 15നാണ് നറുക്കെടുപ്പ്. നായരങ്ങാടിയിലെ, ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മരിയ ഗാര്‍മെന്റ്‌സില്‍ വച്ച് നറുക്കെടുപ്പ് നടത്താനാണ് തീരുമാനം. നറുക്കെടുപ്പില്‍ ഭൂമി ലഭിക്കുന്നയാള്‍ റജിസ്‌ട്രേഷന്‍ ചെലവുകള്‍ വഹിക്കണം. എന്നാല്‍ സാങ്കേതികമോ നിയമപരമോ ആയ തടസ്സമുണ്ടായാല്‍ കൂപ്പണ്‍ തുക തിരിച്ച് നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.

 

Top