Butchers Can’t Be Preachers,Venkaiah Naidu Tells Congress

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. കശാപ്പുകാര്‍ക്ക് എങ്ങനെ ഉപദേശകരാകാന്‍ സാധിക്കുമെന്ന് വെങ്കയ്യ നായിഡു ചോദിച്ചു. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക വഴി മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയായിരുന്നെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ആര്‍ട്ടിക്കിള്‍ 356 പ്രകാരം കേരളത്തിലെ പ്രഥമ ഇഎംഎസ് മന്ത്രിസഭ ഉള്‍പ്പെടെ നൂറിലധികം കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളെ പുറത്താക്കിയിട്ടുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിയെ വിമര്‍ശിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഇടതുപാര്‍ട്ടികള്‍ മോദിസര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് പഴയ സംഭവം ഓര്‍മിപ്പിച്ച് വെങ്കയ്യ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കാല കോണ്‍ഗ്രസ്, ജനതാ പാര്‍ട്ടി, ഐക്യമുന്നണി സര്‍ക്കാരുകള്‍ വിവിധ സംസ്ഥാനങ്ങളില്‍
തങ്ങളുടെ ഭരണകാലത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി ശക്തമായി തിരച്ചടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

1951 ശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ 111 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതില്‍ 91 തവണയും കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. 16 വര്‍ഷം നീണ്ട ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് 45 തവണയും 10 വര്‍ഷം നീണ്ട മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലയളവില്‍ 10 തവണയും രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന് വെങ്കയ്യ പറഞ്ഞു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയ ഇന്നലെ ഉത്തരാഖണ്ഡ് വിഷയത്തില്‍ ഇരുസഭകളും പ്രതിപക്ഷം തടസ്സപ്പെടുത്തിയിരുന്നു.

Top