ബിസിനസുകാരന്‍ 4 കോടി രൂപ തട്ടിയെടുത്തു; ആരോപണവുമായി ഹര്‍ഭജന്‍ സിങ്

Harbhajan

ചെന്നൈ: ബിസിനസുകാരന്‍ തന്റെ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. ഹര്‍ഭജന്‍ സിങ് പരാതി നല്‍കിയതിനു പിന്നാലെ ബിസിനസുകാരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണു സംഭവം പുറത്തുവന്നത്.

ഒരു സുഹൃത്താണു ജി. മഹേഷ് എന്നയാളെ പരിചയപ്പെടുത്തിയതെന്നും 2015ല്‍ ഇയാള്‍ക്ക് പണം നല്‍കുകയായിരുന്നെന്നും പരാതിയിലുണ്ട്. എന്നാല്‍ പിന്നീട് മഹേഷുമായി ബന്ധപ്പെട്ടപ്പോഴെല്ലാം കടമായി വാങ്ങിയ പണം തിരികെ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഓഗസ്റ്റ് 18ന് മഹേഷ് ഹര്‍ഭജന് നല്‍കിയ 25 ലക്ഷത്തിന്റെ ചെക്ക് മടങ്ങുകയും തുടര്‍ന്ന് താരം ചെന്നൈ പൊലീസ് കമ്മീഷണറെ സമീപിക്കുകയും മഹേഷിനും മറ്റു ചിലര്‍ക്കുമെതിരെ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

താരത്തിന്റെ പരാതി അന്വേഷണത്തിനായി നീലങ്കരയ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറി. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ മഹേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തലമ്പൂരിലെ തന്റെ സ്വത്ത് പണയം വച്ചാണ് ഹര്‍ഭജനില്‍ നിന്ന് പണം കടമെടുത്തതെന്നാണു മഹേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഹര്‍ഭജന്റെ പേരിലാണ്. ഹര്‍ഭജന് നല്‍കാനുള്ള പണം മുഴുവന്‍ കൊടുത്തു തീര്‍ത്തതായും ഇയാള്‍ വ്യക്തമാക്കുന്നു.

Top