ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം, ശ്രീനഗറില്‍ വ്യവസായി അറസ്റ്റില്‍

Terrorists

ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും ധനസഹായം നല്‍കിയെന്ന കേസില്‍ ശ്രീനഗറില്‍ വ്യവസായിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു.

സഹൂര്‍ അഹമ്മദ് വറ്റാലിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാനില്‍ നിന്ന് എത്തുന്ന പണം വറ്റാലി മുഖേനെയാണ് ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും എത്തുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കളുമായും വിഘടനവാദികളുമായി അടുത്ത ബന്ധമുള്ള വറ്റാലി കശ്മീര്‍ താഴ്വരയിലെ പ്രമുഖനായ ബിസിനസുകാരനാണ്. വറ്റാലിയെ ഡല്‍ഹിയില്‍ എത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.

ശ്രീനഗര്‍, ഹന്ദ്വാര, കുപ്വാര, ബാരമുള്ള എന്നിവിടങ്ങളില്‍ വറ്റാലിയുടെ ബന്ധുക്കളുടേയും ജീവനക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

വിദേശത്തുനിന്നും വറ്റാലി ഫണ്ടുകള്‍ സ്വീകരിച്ചിരുന്നതായും ഇത് ഭീകരര്‍ക്ക് വിതരണം ചെയ്തിരുന്നതായുമുള്ള രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നതായി അന്വേഷണ സംഘം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Top