ബിസിനസ് തുടങ്ങാന്‍ ഇന്ത്യയില്‍ വളരെ എളുപ്പം; ലോകബാങ്ക് പട്ടികയില്‍ വന്‍ നേട്ടം

ന്യൂഡല്‍ഹി: എളുപ്പത്തില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 23 സ്ഥാനങ്ങള്‍ ചാടിക്കടന്ന് 77-ാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യയുള്ളത്. ലോകബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ചുവപ്പുനാടകളില്‍ കുടുങ്ങിക്കിടക്കാതെ ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

190 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചതും ഇന്ത്യയാണ് എന്നത് അഭിമാനകരമാണ്. രാജ്യത്തിന്റെ അതിര്‍ത്തിയിലേയ്ക്ക് ചരക്കു കടത്ത് സുഗമമാക്കിയത് നില മെച്ചപ്പെടുത്താന്‍ ഇന്ത്യയെ വളരെയധികം സഹായിച്ചു.

ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയും വലിയ നേട്ടമുണ്ടാക്കിയെന്ന കണക്കുകളാണ് പുറത്തു വരുന്നത്. 78-ാം സ്ഥാനത്തായിരുന്ന ചൈന 46-ാം സ്ഥാനത്തെത്തി.

കഴിഞ്ഞ വര്‍ഷത്തെക്കൂടി കണക്കു പരിശോധിച്ചാല്‍ വെറും രണ്ട് വര്‍ഷം കൊണ്ട് 53 സ്ഥാനങ്ങളാണ് ഇന്ത്യ ചാടിക്കടന്നത്. ജിഎസ്ടി, നോട്ട് നിരോധനം എന്നീ സാമ്പത്തിക പരിഷ്‌ക്കരണത്തിലൂടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മോദി സര്‍ക്കാരിന് ലോകബാങ്ക് പട്ടിക വലിയ ആശ്വാസമാകും. അടുത്ത തെരഞ്ഞെടുപ്പില്‍ സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ പോകുന്ന വസ്തുതകളാണ് ഇവ.

വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ റിപ്പോര്‍ട്ട് വലിയ തരത്തില്‍ സഹായിക്കും. എന്‍ഫോഴ്‌സ്‌മെന്റ്, റിയല്‍ എസ്‌റ്റേറ്റ്, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ മുന്നേറ്റമുണ്ടായാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് 50 സ്ഥാനങ്ങള്‍ക്കുള്ളില്‍ ത്തൊന്‍ സാധിക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്.

മുംബൈയിലും ഡല്‍ഹിയിലുമാണ് പ്രധാനപ്പെട്ട പഠനങ്ങള്‍ നടന്നിട്ടുള്ളത്. ഇതില്‍ മുംബൈയിലെ ബ്രിഹാന്‍ മുംബൈ വലിയ അളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമാണ്. അതിനാല്‍ ഇന്ത്യയുടെ പോയന്റ് ഉയരുന്നതില്‍ ഇവിടെ അടുത്തിടെ നടത്തിയ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്.

വസ്തുതകളും കണക്കുകളും അടിസ്ഥാനമാക്കിയുള്ള വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്നതെന്ന് ലോകബാങ്ക് വ്യക്തമാക്കിയിരുന്നു. റാങ്കിംങിന്റെ കാര്യത്തില്‍ ആഗോള തലത്തില്‍ വലിയ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സംഘടന കാര്യങ്ങള്‍ അറിയിച്ചത്.

യഥാര്‍ത്ഥ നികുതി നിരക്കുകള്‍, നിയമ നിര്‍മ്മാണം എന്നിവയ്ക്ക് പുറമെ ആഭ്യന്തരവും ബാഹ്യവുമായ മൂല്യനിര്‍ണ്ണയങ്ങളും ഉള്‍പ്പെടുത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംങെന്നും രാഷ്ട്രീയ പരമായ സ്വാധീനമില്ലെന്നും ഈ വര്‍ഷം തന്നെ ലോകബാങ്ക് വാദിച്ചിരുന്നു.

Top