കര്‍ഷകര്‍ പ്രതിസന്ധിയില്‍; വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞു, കിലോയ്ക്ക് 8 രൂപവരെ

തിരുവനന്തപുരം: വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞു. ഈ ആഴ്ച കിലോയ്ക്ക് 8 രൂപവരെയാണ് വിലയിടിഞ്ഞത്. വില ഇടിഞ്ഞതോടെ വയനാട്ടിലെ ഏത്തവാഴ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.

കഴിഞ്ഞയാഴ്ച കിലോയ്ക്ക് വില 12 രൂപവരെയെത്തി. ഈ ആഴ്ച അതിലും താഴ്ന്ന് 8 രൂപയ്ക്ക് വരെ കുല വെട്ടിവില്‍ക്കേണ്ടിവന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം പഴുത്ത നേന്ത്രപഴത്തിനോ നേന്ത്രക്കായകൊണ്ടുണ്ടാകുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കോ വിപണിയില്‍ വില കുറഞ്ഞിട്ടില്ല.

കിലോയ്ക്ക് 25 രൂപ വച്ച് കര്‍ഷകരില്‍നിന്നും ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് വാഴകുല സംഭരിക്കുന്നുണ്ട്. എങ്കിലും ആഴ്ചയില്‍ 50 കുലയേ ഒരു കര്‍ഷകനില്‍നിന്നും സ്വീകരിക്കുന്നുള്ളൂ. ഇതൊന്നും വിലതകര്‍ച്ചയ്ക്ക് പരിഹാരമാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നും കൂടുതല്‍ കുലകള്‍ വിപണിയിലെത്തിയതാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.

Top