ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലെ പണലഭ്യത; 50,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലെ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തോടെ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതിനാല്‍ സമ്മര്‍ദത്തിലാണ് ഡെറ്റ് ഫണ്ടുകള്‍. ലിക്വിഡിറ്റി കുറയുകയും വന്‍തോതില്‍പണം പിന്‍വലിക്കുകയും ചെയ്തതോടെ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് അധിഷ്ഠിത ഫണ്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി.

മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി ഈ പണലഭ്യത സൗകര്യം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഉടന്‍ ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 750 പോയിന്റാണ് ഉയര്‍ന്നത്.

ആര്‍ബിഐയുടെ ലിക്വിഡിറ്റി സൗകര്യം ഏപ്രില്‍ 27 മുതല്‍ മെയ് 11വരെയാണുള്ളത്. അതിനായി നീക്കിവെച്ചതുക ഈകാലയളവില്‍ വിനിയോഗിക്കാവുന്നതാണ്. വിപണിയിലെ സാഹചര്യം വിലയിരുത്തി സമയപരിധി നീട്ടുന്നകാര്യവും പരിഗണിക്കുന്നതാണ്. പാക്കേജ് പ്രകാരം കുറഞ്ഞ നിരക്കില്‍ ബാങ്കുകള്‍ക്കാണ് പണം അനുവദിക്കുന്നത്. പണലഭ്യതയില്‍ കുറവുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ബാങ്കുകള്‍ തുക ഫണ്ടുകമ്പനികള്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്.

Top