ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിയോയുടെ ലാഭം 2,331 കോടി

ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ലാഭം 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ 2,331 കോടി രൂപയായി കുതിച്ചുയര്‍ന്നു. അതായത്, പ്രതിദിനം ശരാശരി 25.90 കോടി രൂപ.

മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് 177.5 ശതമാനമാണ് വളര്‍ച്ച. വരുമാനമാകട്ടെ, 26.6 ശതമാനം വര്‍ധിച്ച് 14,835 കോടി രൂപയിലെത്തി.

ഫെയ്സ്ബുക്കുമായുള്ള പങ്കാളിത്തത്തിലൂടെ ജിയോ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് റിലയന്‍സ് ജിയോയില്‍ ഫെയ്‌സ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്പനിയില്‍ 9.99 ശതമാനം ഓഹരിയാണ് ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത്.

Top