വ്യവസായിയുടെ ആത്മഹത്യ ; നഗരസഭ അധ്യക്ഷയെ സിപിഐഎം സംരക്ഷിക്കുന്നത് എന്തിനെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം : കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷയ്ക്കെതിരെയാണ് ആദ്യം നടപടിയെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടിയെടുത്തത് കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും നഗരസഭ അധ്യക്ഷയെ സിപിഐഎം സംരക്ഷിക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കുടുംബത്തെ നാളെ സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

അതേസമയം, ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരകാര്യ വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. മുഖ്യ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ ബക്കളത്തെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറുക. സാജന്റെ മരണ ശേഷം ഫയലുകളില്‍ നടത്തിയ കൃത്രിമം അടക്കം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ പി.കെ ശ്യാമള, നഗരസഭ സെക്രട്ടറി ഗിരീഷ്, എന്‍ജിനിയര്‍ കലേഷ് എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പൊലീസിന് മൊഴി നല്കിയിരുന്നു. സാജന്റെ ഭാര്യ ബീന, പാര്‍ത്ഥ ഗ്രൂപ്പിലെ നാല് ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് വളപട്ടണം പൊലീസ് രേഖപ്പെടുത്തിയത്.

Top