ഡൽഹിയിലെ ഹോട്ടലിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി

dead-body

ന്യൂഡൽഹി:ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. 35കാരനായ മുന്നി ജെയ്റ്റ്‌ലിയെയാണ് ചാണക്യപുരിയിലെ താജ്പാലസ് ഹോട്ടലിൽ ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫോൺ വിളിച്ചിട്ടും മുന്നി ഫോൺ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ പിതാവ് ഹോട്ടൽ റിസപ്ഷനുമായി ബന്ധപ്പെടുകയായിരുന്നു. മുന്നി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മകൻറെ നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

ഫോണിലൂടെ ബന്ധപ്പെടാൻ ഹോട്ടൽ അധികൃതരും ശ്രമിച്ചെങ്കിലും മുന്നി ഫോൺ എടുത്തില്ല. തുടർന്ന് ഹോട്ടൽ മാനേജർ ആറാം നിലയിലെ മുന്നിയുടെ മുറിയ്ക്ക് മുന്നിലെത്തി തട്ടിവിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ഡൂപ്ലികേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന മുന്നിയെയാണ് കണ്ടത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രാഥമികാന്വേഷണത്തിൽ കൊലപാതക സാധ്യത പൊലീസ് തള്ളി. ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ പുറത്തുനിന്ന് ആരും വെള്ളിയാഴ്ച വൈകീട്ടുമുതൽ ശനിയാഴ്ച രാവിലെ വരെ മുറിയിൽ കയറിയിട്ടില്ലെന്ന് സിസിടിവി പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു. മരണത്തിന് കാരണമായത് മുന്നി കഴിച്ച എന്തെങ്കിലും മരുന്നാണോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.

അവിവാഹിതനായ മുന്നി മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലാണ് താമസം. ബിസിനസ് ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ മുന്നി ഡൽഹിയിലെത്താറുണ്ട്. വ്യാഴാഴ്ചയാണ് മുന്നി ഹോട്ടൽ താജ് പാലസിൽ മുറിയെടുത്തത്.

Top