യുവ ബിസ്സിനസ്സുകാരനെ കാറിലിട്ട് ചുട്ടുകൊന്നു

ഹിസാർ : യുവ ബിസ്സിനസ്സുകാരനെ കൊള്ളയടിച്ച ശേഷം ചുട്ടു കൊന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. 35കാരനായ ബിസ്സിനസ്സുകാരനെ തടഞ്ഞുനിര്‍ത്തി 11 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം കത്തിച്ചു കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ചൊവ്വാഴ്ച രാത്രി ഹാന്‍സി പ്രദേശത്താണ് സംഭവം നടന്നത്. രാം മെഹര്‍ എന്ന യുവ ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. ഹാന്‍സിയിലെ ഭട്ല-ഡാറ്റാ റോഡിലെ താമസക്കാരനാണ് രാം മെഹര്‍. രാം മെഹര്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികള്‍ ഇയാളെ തടഞ്ഞ് കൊള്ളയടിക്കുകയും കാറില്‍ പൂട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നു.

വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നോക്കിയാണ് മരിച്ചയാളുടെ വീട്ടുകാരെ പൊലീസ് വിവരമറിയിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ബര്‍വാലയില്‍ ഡിസ്‌പോസിബിള്‍ കപ്പുകളുടെയും പ്ലേറ്റുകളുടെയും ഫാക്ടറി ഉടമയാണ് രാം മെഹർ . ഇയാൾ ബാങ്കില്‍ നിന്ന് 11 ലക്ഷം രൂപ പിന്‍വലിച്ച ശേഷം ഹിസാറില്‍ നിന്ന് ഗ്രാമത്തിലേക്ക്‌ മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

Top