ശമ്പള വര്‍ധനവ്: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ സമരം തുടരുന്നു

കോയമ്പത്തൂര്‍: സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം ആറാം ദിവസത്തിലേക്ക്.ശമ്പള വര്‍ധനവും പെന്‍ഷന്‍ കുടിശ്ശികയും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

ജോലിക്ക് ഹാജരാകണമെന്ന് മദ്രാസ് ഹൈകോടതി ശനിയാഴ്ച ഉത്തരവിട്ടെങ്കിലും സംഘടനകള്‍ തയാറായില്ല. തിങ്കളാഴ്ച പ്രശ്‌നം പരിഗണിച്ച ഹൈകോടതി നേരേത്ത പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ല.

അതേസമയം, അനുമതിയില്ലാതെ ജീവനക്കാരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കരുതെന്നും പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഒക്ടോബറിനകം കുടിശ്ശിക നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെ, സമരത്തിലേര്‍പ്പെട്ട ജീവനക്കാരോട് വിശദീകരണമാവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കി.

കോയമ്പത്തൂര്‍ ഡിവിഷനില്‍ 11,819 പേര്‍ക്കാണ് നോട്ടീസ്. ഡിവിഷനില്‍ 17 ഡിപ്പോകളിലായി 1,070 ബസുകളാണ് സര്‍വിസ് നടത്തുന്നത്. തിങ്കളാഴ്ച 400ലധികം ബസുകള്‍ മാത്രമാണ് ഓടിയത്.

Top