നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് ബസുടമകള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി.

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇവയെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഇല്ലാത്തതിനാലാണ് ബസുടമകള്‍ സമരത്തിന് ഒരുങ്ങിയത്.

അതേസമയം കെ.എസ്.ആര്‍.ടി.സി ശമ്പളവിതരണ പ്രതിസന്ധിയില്‍ പ്രത്യക്ഷ സമരവുമായി ഭരണപക്ഷ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. മുഴുവന്‍ ശമ്പളവും ഉടന്‍ നല്‍കണം എന്നവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍, സിഐടിയു അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത മന്ത്രി വേണ്ടത്ര ഇടപെടുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു.

ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെ.എസ്.ആര്‍.ടി.സിയില്‍ വിതരണം ചെയ്തിട്ടുള്ളത്. ഭൂരിഭാഗം ജീവനക്കാരും നിത്യചെലവുകള്‍ക്ക് പോലും നിവര്‍ത്തി ഇല്ലാതെ വലയുകയാണ്. തുടര്‍ച്ചയായി രണ്ടാം മാസമാണ് കെഎസ്ആര്ടിസിയില്‍ ശമ്പളം മുടങ്ങുന്നത്. ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി സിഐടിയു രംഗത്ത് എത്തിയത്.

.

Top