കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബസ്സുടമകള്‍, പറ്റില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക മിനിമം ആറ് രൂപയെങ്കിലുമാക്കണമെന്ന് ബസ്സുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയധികം തുക കൂട്ടുന്നത് നിലവില്‍ അംഗീകരിക്കാവുന്നതല്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കി. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ആന്റണി രാജുവുമായും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായും നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാടറിയിച്ചത്.

നിലവില്‍ ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ തുക. തുടര്‍ന്ന് കിലോമീറ്റര്‍ ചാര്‍ജിന്റെ 25 ശതമാനവും ഈടാക്കും. എന്നാല്‍ ഇത് മിനിമം ആറ് രൂപയിലേക്ക് ഉയര്‍ത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. അത് കഴിഞ്ഞാല്‍ കിലോമീറ്റര്‍ ചാര്‍ജിന്റെ 50 ശതമാനം തുകയും ഈടാക്കാന്‍ അനുവദിക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി അടുത്തയാഴ്ച ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും, ബസ്സുടമകളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേ അന്തിമ തീരുമാനത്തിലെത്തൂ എന്നും വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാര്‍ വ്യക്തമാക്കി.

ഒന്നര രൂപ വരെയാക്കാമെന്നാണ് സര്‍ക്കാര്‍ ബസ്സുടമകളോട് പറയുന്നത്. എത്ര കുറച്ചാലും അഞ്ച് രൂപയില്‍ത്താഴില്ലെന്ന് ബസ്സുടമകള്‍ കടുംപിടിത്തത്തിലാണ്. ഇതോടെയാണ് വിദ്യാര്‍ത്ഥിസംഘടനകളുമായി അടക്കം ചര്‍ച്ച നടത്താന്‍ തീരുമാനമായത്.

Top