ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞു; ആറു വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് ആറു വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് മരണം. വിവാഹ ചടങ്ങിന് പോവുകയായിരുന്ന ബസ് പ്രകാശം ജില്ലയിലെ കനാലിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെ 47 യാത്രക്കാരുമായി പൊദിലിയില്‍ നിന്ന് കാക്കിനടയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് നാഗാര്‍ജുന സാഗര്‍ കനാലില്‍ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ബസ് അപകടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top