ബസില്‍ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി യുവതി

ദുബായ്: ബസില്‍ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി ഏഷ്യക്കാരിയായ യുവതി. ദുബായിലെ നഹ്ദയില്‍ നിന്ന് ബസില്‍ യാത്ര ചെയ്യവെ 28വയസുള്ള ഏഷ്യക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്.

ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയുടെ ബസില്‍ യാത്ര ചെയ്യവെ സീറ്റിനിടയിലൂടെ പ്രതി കൈ കടത്തി യുവതിയുടെ ശരീരത്തില്‍ പിടിക്കുകയായിരുന്നു.

തന്റെ ശരീരത്തില്‍ എന്തോ തട്ടുന്നത് പോലെ തോന്നിയെങ്കിലും സീറ്റിന്റെ വശത്തുള്ള കൈപ്പിടിയായിരിക്കുമെന്ന് കരുതി യുവതി അവഗണിച്ചു. ഇത് ആവര്‍ത്തിച്ചപ്പോഴാണ് പ്രതി തന്റെ ശരീരത്തില്‍ തൊടുകയാണെന്ന് യുവതിക്ക് മനസ്സിലാവുന്നത്.

യുവതി സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബഹളം വെച്ച് തുടങ്ങിയപ്പോഴേക്കും പ്രതി തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി. ഇതോടെ ഡ്രൈവറോട് ബസില്‍ നിന്ന് ഇറങ്ങിയയാള്‍ തന്നെ ശല്യം ചെയ്തുവെന്നും ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ അതിന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയെ സമീപിക്കണമെന്നായിരുന്നു ഡ്രൈവറുടെ നടപടി. ആര്‍ടിഎ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പൊലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.

പിന്നീട് രണ്ടാഴ്ചക്ക് ശേഷം അഞ്ച് ദിവസം കൂടുമ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ തനിയെ നഷ്ടമാകുമെന്നും അതിനാല്‍ അത് ലഭ്യമായില്ലെന്നും പോലീസ് ഇവരെ അറിയിക്കുകയായിരുന്നു. പ്രതിയായ വ്യക്തിയെ ഇനി കാണുകയാണെങ്കില്‍ അയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറണമെന്നും നിര്‍ദ്ദേശിച്ചു.

40 ദിവസങ്ങള്‍ക്ക് ശേഷം അതേ റൂട്ടില്‍ ബസില്‍ യാത്ര ചെയ്യവെ യുവതി ഇയാളെ വീണ്ടും കണ്ടുമുട്ടി. അയാള്‍ ശല്യം ചെയ്ത ദിവസം ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം ധരിച്ചതാണ് പെട്ടെന്ന് തിരിച്ചറിഞ്ഞതെന്ന് യുവതി പറഞ്ഞു. ഇതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ യുവതിയുടെ സൗന്ദര്യം കണ്ടപ്പോള്‍ താന്‍ മറ്റൊന്നും ആലോചിച്ചില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.

Top