രണ്ടില്‍ നിന്ന് ഒമ്പതിലേക്ക്; തമിഴ്‌നാട്ടില്‍ ആറു വര്‍ഷത്തിന് ശേഷം ബസ് നിരക്കില്‍ വര്‍ധന

Tamilnadu_RTC

ചെന്നൈ: തമിഴ്‌നാട്ടില്‍ ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. ആറു വര്‍ഷത്തിന് ശേഷമാണ് ബസ് നിരക്ക് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നും അതുകൊണ്ട് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

രണ്ടു രൂപയില്‍ നിന്നും 9 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടു രൂപ മുതല്‍ ഏഴു രൂപവരെയാണ് വര്‍ധിപ്പിച്ചത്. ലക്ഷ്വറി വോള്‍വോ ബസുകളുടെ നിരക്ക് 18 രൂപയായും, ഏസി ബസുകളുടെ നിരക്ക് 15, രൂപ, ഡീലക്‌സ് ബസിന് 12 രൂപ എന്നി തോതിലാണ് വര്‍ധിപ്പിച്ചത്. പുതിയ തീരുമാനം ശനിയാഴ്ച മുതല്‍ നടപ്പില്‍ വരും. 1.7 കിലോമീറ്ററിന് 60 പൈസ എന്ന തോതിലാണ് വര്‍ധനവ് നടപ്പാക്കിയത്.

ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബസ് നിരക്കില്‍ വര്‍ധന നടപ്പാക്കിയത്. കേരള, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ബസ് നിരക്ക് അപേക്ഷിച്ച് തമിഴ്‌നാട്ടിലെ നിരക്ക് വളരെ കുറവാണ്.

അതേസമയം, ഭാവിയില്‍ ടിക്കറ്റ് നിരക്കുകള്‍ പരിഷ്‌ക്കരിക്കാന്‍ പുതിയ കമ്മിറ്റി രൂപവത്ക്കരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ധന വില, അറ്റകുറ്റ പണികള്‍, വേതനം തുടങ്ങിയവ പരിഗണിച്ച് ഉചിത തീരുമാനം നടപ്പാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. 20,000 കോടിയുടെ നഷ്ടത്തിലാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനവ്.

2011-നവംബറിലായിരുന്നു ബസ് നിരക്ക് അവസാനമായി വര്‍ധിപ്പിച്ചിരുന്നത്. അന്ന് ജയലളിതയുടെ സര്‍ക്കാരായിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രീതി നഷ്ടമാകുന്നതിനാല്‍ തങ്ങളുടെ മുഴുവന്‍ ആവശ്യവും അംഗീകരിക്കാന്‍ അന്ന് ജയലളിത തയാറായിരുന്നില്ല. അതേസമയം പാലിന്റെ വിലയില്‍ പാലിന്റെ വിലയില്‍ വന്‍ വര്‍ധനവ് നടപ്പാക്കുകയും ചെയ്തു.

Top