Bus falls into deep gorge in Idukki ; 40 injured

അടിമാലി: സ്വകാര്യ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല്‍പതു പേര്‍ക്ക് പരിക്കേറ്റു. ബൈസണ്‍വാലി കോതമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ മോട്ടേഴ്‌സ് എന്ന ബസാണ് അടിമാലിയില്‍ നിന്നും കോതമംഗലത്തേയ്ക്ക് പോകുന്നതിനിടെ അപകടത്തില്‍ പെട്ടത്.

കൊച്ചി മധുര ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും മധ്യേ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് വച്ച് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്നും തെന്നി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.

ബസില്‍ 44 യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ അടിമാലി, കോതമംഗലം എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെ പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ രാജകുമാരി മുട്ടത്ത് സരസു (58), കടുത്തുരുത്തി മുട്ടുച്ചിറ സുഗുണന്‍, വാളറ പറയത്തോട്ടത്ത് ജോസഫ്, വാളറ പറയത്തോട്ടത്ത് മേരി ജോസഫ്, വാളറ പറയത്തോട്ടത്ത് മറിയക്കുട്ടി (69), കോതമംഗലം വടകരയില്‍ ജോണ്‍ (79), ആനവിരട്ടി പുത്തന്‍പുരയ്ക്കല്‍ അമ്മിണി ( 72), വാളറ നേര്യപുറത്ത് സണ്ണി എന്നിവരെ അടിമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കോതമംഗലത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

റോഡില്‍ നിന്നും സമീപത്തെ താഴ്ചയിലേയ്ക്ക് രണ്ട് തവണ മലക്കം മറിഞ്ഞ ബസ് മരത്തില്‍ ഇടിച്ചാണ് നിന്നത്. വീഴ്ചയുടെ ആഘാതത്തില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴയായിരുന്നതിനാല്‍ ഷട്ടര്‍ ഇട്ടിരുന്നതിനാല്‍ ബസിലുണ്ടായിരുന്നവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇതുവഴി വന്ന മറ്റു ബസുകളിലെ യാത്രക്കാരും അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top