ബസ് കത്തിക്കല്‍ കേസ്; വിചാരണ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ ഉത്തരവിട്ട് കോടതി. കൊച്ചി എന്‍ഐഎ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുക. ബംഗളൂരു ജയിലിലുള്ള നാല് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിചാരണ ചെയ്യും. സംഭവം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയടക്കം 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത്. 2005 സെപ്റ്റംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.

യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുറ്റകൃത്യം ചെയ്തത്.

Top