മലപ്പുറത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ചു, 16 പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തില്‍ ആണ് അപകടം. ടൂറിസ്റ്റ് ബസ് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും, ലോറി ഡ്രൈവര്‍ക്കും അടക്കം 16 പേര്‍ക്ക് നിസ്സാര പരിക്കേറ്റു.

പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗനമനം. ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം ഉണ്ടായത്. മലപ്പുറത്ത് ഇന്ന് രാവിലെ നടന്ന മറ്റൊരു അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. ദേശീയപാത വെളിമുക്കില്‍ പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങള്‍) മകന്‍ അബ്ദുള്ള കോയ തങ്ങള്‍ (കുഞ്ഞിമോന്‍.) (43), കൂടെയുണ്ടായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയില്‍ കരിമ്പയില്‍ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകന്‍ ഫായിസ് അമീന്‍ (19) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 3.10 ന് ആണ് അപകടം. ഓമശ്ശേരി കരിയാം കണ്ടത്തില്‍ ജുമാ മസ്ജിദില്‍ ദര്‍സിലെ അദ്ധ്യാപകനാണ് അബ്ദുള്ള കോയ തങ്ങള്‍. ഫായിസ് അമീന്‍ ദര്‍സ് വിദ്യാര്‍ത്ഥി ആണ്. നാട്ടില്‍ വന്നു തിരിച്ചു പോകുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് ദേശീയപാത വികസന അതോറിറ്റിയുടെ വാഹനത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top