തിരുവണ്ണാമലയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 13 പേര്‍ക്ക് പരുക്ക്

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. കാറും ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിയ്ക്കുകയായിരുന്നു. പരുക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി പത്തു മണിയോടെ, ബംഗളൂരു – ചെന്നൈ ദേശീയപാതയിലെ സെങ്കം പത്തിരിപാളയം അന്തനൂരിലാണ് അപകടം. പുതുച്ചേരിയില്‍ നിന്നും ഹൊസൂരിലേയ്ക്ക് പോവുകയായിരുന്ന കാറും തിരുവണ്ണാമലയിലേയ്ക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ആറു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

അസം സ്വദേശികളായ കുഞ്ച റായി, നാരായണ്‍ സേതി, ബിന്‍മാല്‍ തിര്‍ത്ത്, ബി. ദല്ലു, വി. നിക്കോളാസ് എന്നിവരും തമിഴ് നാട് കൃഷ്ണഗിരി സ്വദേശികളായ പുനീത് കുമാര്‍, കാമരാജ് എന്നിവരുമാണ് മരിച്ചത്. കാറില്‍ യാത്ര ചെയ്തിരുന്ന നാല് പേരെ തിരുവണ്ണാമലൈ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബസിലുണ്ടായ ഒന്‍പതു പേരെ സെങ്കം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും സെങ്കം ആശുപത്രിയിലാണ് ഉള്ളത്.

വാന്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. അപകടത്തില്‍ സെങ്കം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചിരുന്നു.

Top