കോട്ടയത്ത് ബസിനടിയില്‍ പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;അപകടം മകളുടെ കണ്‍മുന്നില്‍വെച്ച്

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ബസിനടിയില്‍ പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശിയായ മിനി (47) ആണ് മരിച്ചത്. നഗരമധ്യത്തില്‍ മകള്‍ നോക്കി നില്‍ക്കെയാണ് അപകടം ഉണ്ടായത്.

തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിയെ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റേഡിലേയ്ക്കു വീണ മിനിയുടെ തലയിലൂടെ ബസിന്റെ മുന്‍ ചക്രങ്ങള്‍ കയറിയിറങ്ങി.

ഇന്ന് രാവിലെ 9.45 ന് തിരുനക്കര പോസ്റ്റ് ഓഫിസ് റോഡില്‍ വച്ചായിരുന്നു അപകടം. തോട്ടയ്ക്കാട് നിന്നുള്ള ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ശേഷം മകളുടെ കൈപിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്നു മിനി. ഇതിനിടെ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയ ബസ് മിനിയെ ഇടിച്ചു വീഴ്ത്തി.വൈക്കത്തിന് സര്‍വീസ് നടത്തുന്ന പുള്ളത്തില്‍ ബസാണ് മിനിയെ ഇടിച്ചു വീഴ്ത്തിയത്.അപകടം നടന്ന ഉടന്‍ തന്നെ ബസ് ഡ്രൈവറും, കണ്ടക്ടറും മറ്റു ജീവനക്കാരും ഇറങ്ങിയോടി.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മൃതദേഹം ബസിന്റെ അടിയില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Top