ഉഡുപ്പി-ചിക്കമഗളൂരു പാതയില്‍ ബസ് പാറക്കെട്ടിലിടിച്ച് 9 മരണം; 26 പേര്‍ക്ക് പരിക്ക്

മംഗളൂരു:ഉഡുപ്പി മുളൂരില്‍ ബസ് പാറക്കെട്ടിലിടിച്ച് 9 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഉഡുപ്പി- ചിക്കമഗളൂരു പാതയില്‍ കാര്‍ക്കളയ്ക്കു സമീപം പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരിലാണ് അപകടം നടന്നത്.

മൈസൂരുവിലെ സെഞ്ചുറി വിട്ടല്‍ റെക്കോഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്‌ന, യോഗേന്ദ്ര, ഷാരൂല്‍, രഞ്ജിത, ബസ് ഡ്രൈവര്‍ ഉമേഷ്, ക്ലീനര്‍ എന്നിവരാണു മരിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് വിനോദയാത്രപോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.ചുരത്തിലെ വളവില്‍ സ്റ്റിയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു.

20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞു നീങ്ങിയ ശേഷമാണു ബസ് നിന്നത്. പാറയില്‍ ഉരഞ്ഞ വശം പൂര്‍ണമായി തകര്‍ന്നു. സാരമായി പരുക്കേറ്റ 8 പേരെ മണിപ്പാലിലും മറ്റുള്ളവരെ കാര്‍ക്കളയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാത്രാമധ്യേ തകരാര്‍ ഉണ്ടായ ബസ് കളസയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നു ശരിയാക്കിയാണു യാത്ര തുടര്‍ന്നത്.

Top