കൊച്ചി നഗരത്തില്‍ ‘പറക്കുംതളിക’യുടെ ഷോ; ബസ് ഇടിച്ചു തകര്‍ത്തത് 13 വാഹനങ്ങള്‍

കൊച്ചി: എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ ഫൈന്‍ ആര്‍ട്‌സ് ഹാളിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തു വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ചെറു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ചു തകര്‍ത്ത ശേഷം മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. ആകെ 13 വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. റോഡില്‍ തിരക്കേറിയ സമയത്തായിരുന്നു അപകടം. ഓട്ടോറിക്ഷയിലും കാറുകളിലും യാത്ര ചെയ്തവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടക്കൊച്ചിയില്‍ നിന്നു കാക്കനാട്ടേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ബ്രേക്ക് പെഡല്‍ തകര്‍ന്നതായി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് നേരത്തെ തന്നെ പൊട്ടിയിരുന്നത് ആവാം എന്നാണ് വിലയിരുത്തല്‍.

കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിനു പിന്നാലെ അപകടമുണ്ടാക്കിയത് ആശങ്കയുയര്‍ത്തുന്നുണ്ട്. ബസിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്.

Top