മുംബൈയില്‍ ബൈക്ക് യാത്രക്കാരിയുടെ ദേഹത്ത് ബസ് കയറി ദാരുണാന്ത്യം

accident

മുംബൈ മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ബസിനിടയില്‍ വീണ് ബസിന്റെ പിന്‍ചക്രം കയറി മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജീവനക്കാരിയായിരുന്ന മനീഷ ഭോയര്‍ ആണ് മരിച്ചത്. സുഹൃത്തിനൊപ്പം മഴയത്ത് ബൈക്കില്‍ കുട ചൂടി യാത്ര ചെയ്യുകയായിരുന്നു യുവതി. വെള്ളം നിറഞ്ഞ കുഴിയില്‍ ഇറങ്ങിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മനീഷ ഭാട്ടിയ തെറിച്ച് ബസിനിടയിലേക്ക് വീഴുകയുമായിരുന്നു. ബൈക്ക് ഓടിച്ച മനീഷയുടെ സുഹൃത്തിനും അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.

അപകടമുണ്ടായ ഉടനെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശക്തമായ മഴയാണ് മുംബൈയിലും പരിസര പ്രദേശത്തും പെയ്ത് കൊണ്ടിരിക്കുന്നത്. മഴ ശക്തമായതോടെ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Top