ബറോസ് മെയ് 16 ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വര്‍ഷം മാര്‍ച്ച് 28 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് നീളുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമ മെയ് മാസം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം മാര്‍ച്ച് 28 ലേക്ക് മാറ്റുകയായിരുന്നു.അതേദിവസം തന്നെയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതവും റിലീസ് ചെയ്യുന്നത്. ഈ ചിത്രവുമായി ക്ലാഷ് റിലീസ് വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് ബറോസ് റിലീസ് നീട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 16നായിരിക്കും ചിത്രം റിലീസ് ചെയ്യുക. മെയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍.

Top