അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിയമപരമായി നിര്‍ബന്ധമാക്കില്ല; സൂചന നല്‍കി താലിബാന്‍

ദോഹ: അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിയമപരമായി നിര്‍ബന്ധമാക്കില്ലെന്ന് സൂചന നല്‍കി താലിബാന്‍. അതേസമയം തലമറയുന്ന ഹിജാബ് നിര്‍ബന്ധമാക്കിയേക്കുമെന്നും കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ബ്രിട്ടനിലെ സ്‌കൈ ന്യൂസിനോട് പറഞ്ഞു. താലിബാന് സ്വീകാര്യമാകുന്ന ഹിജാബ് ഏതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

1996ല്‍ ആദ്യം താലിബാന്‍ അധികാരത്തിലേറുമ്പോള്‍ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ ബുര്‍ഖ നിര്‍ബന്ധമായിരുന്നു. ശരീരവും മുഖവും മറയ്ക്കുന്ന വസ്ത്രധാരണ രീതിയാണ് ബുര്‍ഖ. സ്ത്രീകളുടെ വിദ്യാഭ്യാസ വിഷയത്തിലും താലിബാന്‍ നിലപാട് വ്യക്തമാക്കി. പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി വരെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. മോസ്‌കോ കോണ്‍ഫറന്‍സിലും ദോഹ കോണ്‍ഫറന്‍സിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീള്‍ക്ക് ഇസ്ലാം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പ് നല്‍കുമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ജീവിക്കാമെന്നായിരുന്നു താലിബാന്റെ ഉറപ്പ്.

താലിബാന്റെ ആദ്യ ഭരണകാലഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചിരുന്നു. പുരുഷ ബന്ധുവിന്റെ കൂടെ പുറത്തിറങ്ങനല്ലാതെ അനുവാദമുണ്ടായിരുന്നില്ല. നിയമം ലംഘിക്കുന്നവരെ കടുത്ത ശിക്ഷക്കും വിധേയമാക്കിയിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ സ്ത്രീകളുടെ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെട്ടിരുന്നു.

 

Top