വ്യാവസായിക നഗരം അഗ്നിക്കിരയാകുന്നു ; 2017ൽ മുംബൈയിൽ ഉണ്ടായത് 4,790 തീപിടുത്തങ്ങൾ

Burning issue

മുംബൈ : ഇന്ത്യയുടെ വ്യാവസായിക-സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ 2017-ൽ മാത്രം ഉണ്ടായത് 4,790 തീപിടുത്തങ്ങളെന്ന് റിപ്പോർട്ട്. ഒരിക്കലും ഉറങ്ങാത്ത മുംബൈ നഗരം ഇപ്പോൾ നിരന്തരം അഗ്നിക്കിരയാകുകയാണ്.

ഫിലിം സ്റ്റുഡിയോകൾ, കെട്ടിടങ്ങൾ, റെസ്റ്റോറന്റുകൾ ,അനധികൃത നിർമ്മാണങ്ങൾ , ഫാക്ടറികൾ തുടങ്ങിയിടങ്ങളിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ തീപിടിത്തത്തിൽ 31ലധികം പേർ മുംബൈയിൽ മരണപ്പെട്ടിട്ടുണ്ട്.

അടുത്തിടെ നഗരത്തിൽ ഉണ്ടായ രണ്ട് പ്രധാന തീപിടുത്തത്തിൽ ആളുകൾ മരിക്കാൻ കാരണമായത് അവർക്ക് അടിയന്തര രക്ഷാമാർഗം ഉപയോഗിക്കാൻ കഴിയാത്തതിനാലാണെന്നാണ് അധികൃതർ പറയുന്നത്. സ്ഥാപനങ്ങളിലും മറ്റും വ്യക്തമായ സുരക്ഷാമാർഗം ഇല്ലാത്തതും , കൂടാതെ ജീവനക്കാർക്ക് കൃത്യമായ നിർദേശങ്ങൾ നൽകാത്തതുമാണ് മരണ സംഖ്യകൾ കൂടാൻ കാരണം.

മാത്രമല്ല അഗ്നിശമനസേനയുടെ ഉത്തരവാദിത്തമാണ് അപകടം നടന്ന സ്ഥലത്തെത്തുകയും ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്യുകയെന്നത്. എന്നാൽ കൂടുതൽ സേന യൂണിറ്റുകൾ ഇല്ലാത്തതിനാൽ ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ചില സാഹചര്യങ്ങളിൽ അഗ്നിശമനസേനയ്ക്ക് കഴിയാതെ വരുന്നുണ്ട്.

എന്നാൽ നഗര സുരക്ഷ ഉദ്യോഗസ്ഥർ മാത്രമല്ല, കെട്ടിട നിർമ്മാതാക്കൾ, തൊഴിലാളികൾ , ഇന്റീരിയർ ഡിസൈനർമാർ, ഉടമസ്ഥർ എന്നിവരും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥർ പറയുന്നു.

മുംബൈയിലെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിലാണ് കുടുതലും തീപിടിത്തങ്ങൾ ഉണ്ടാകുന്നത്. അനധികൃതമായി അപകടങ്ങൾക്ക് കാരണമാകുന്ന വിധത്തിൽ നിലനിൽക്കുന്ന കെട്ടിടങ്ങൾ നേരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കാൻ കഴിയും.

കെട്ടിടങ്ങളിലെ സുരക്ഷാമാർഗങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും,നിയമങ്ങൾ പാലിക്കാത്തവർക്ക് ശിക്ഷ നൽകാനും ബന്ധപ്പെട്ട അധികൃതർ തയാറാവണമെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Top