‘കത്തുന്ന’ ഇന്ത്യ . . 2100-ൽ പുറത്തിറങ്ങാൻ രാജ്യത്ത്‌ ആർക്കും സാധിക്കില്ലന്ന് റിപ്പോർട്ട് !

ന്യൂഡല്‍ഹി: 2100ല്‍ ഇന്ത്യയില്‍ ഒരാള്‍ക്കും വീടിനു പുറത്തിറങ്ങാനാകാത്ത വിധം ചൂട് വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട് .

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുന്‍ ഗവേഷകനും ഹോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ യുന്‍ സൂണ്‍ ഇം നേതൃത്വം നല്‍കിയ ഗവേഷണ സംഘമാണ് പഠനം നടത്തിയത്. സയന്‍സ് അഡ്വാന്‍സസ് എന്ന അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ 2100ഓടുകൂടി വലിയ തോതില്‍ കാലാവസ്ഥാ മാറ്റം സംഭവിക്കുമെന്നും പുറത്ത് ഇറങ്ങാന്‍ കഴിയാത്തവിധം ചൂടും ഉഷ്ണവും വര്‍ധിക്കുമെന്നും പഠനം പറയുന്നു.

ഇന്ത്യയടക്കമുള്ള ഗംഗാസമതല മേഖലകളിലുള്ള ഭൂരിപക്ഷം ജനങ്ങളെയും ഇത് ബാധിക്കും. 150 കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന ഈ വലിയ മേഖലയില്‍ വലിയതോതിലുള്ള ഉഷ്ണക്കാറ്റിനും സാധ്യത കാണുന്നതായി പഠനം പറയുന്നു. സിന്ധുഗംഗാ തടങ്ങളിലുള്ള കാര്‍ഷിക മേഖലയെ ഒന്നാകെ ഇത് തരിപ്പണമാക്കുമെന്നാണ് മുന്നറിയിപ്പ്.

സാധാരണ പഠനങ്ങള്‍ അന്തരീക്ഷ ഊഷ്മാവിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നതെങ്കില്‍ പുതിയ പഠനം, ഊഷ്മാവും അതിനെ പ്രതിരോധിക്കാനുള്ള മനുഷ്യശരീരത്തിന്റെ ശേഷിയും കണക്കിലെടുത്തുകൊണ്ടാണ് പഠനം നടത്തിയിരിക്കുന്നത്. മനുഷ്യ ശരീരത്തിന് അന്തരീക്ഷോഷ്മാവിനോടും ഉഷ്ണത്തോടും പ്രതികരിക്കാനുള്ള ശേഷിയെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് 2100ലെ അവസ്ഥ പഠനത്തില്‍ പ്രവചിക്കുന്നത്.

20632758_417175938677984_817104849_n

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ട കര്‍ഷകരോ വെളിമ്പുറങ്ങളില്‍ ജോലിചെയ്യുന്നവരോ ആണ് എന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. 25 ശതമാനം ജനങ്ങള്‍ക്കും ഇപ്പോഴും വൈദ്യുതിയില്ല എന്നിരിക്കെ, ശീതീകരണ സംവിധാനങ്ങളൊന്നും ചൂടിനെ മറികടക്കാന്‍ ഇവരെ തുണയ്ക്കില്ല.

അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന 2100 എത്തുമ്പോഴേക്കും ലോകത്ത് ആറ് കോടിയോളം ജനങ്ങളെ അപകടകരമായ വിധത്തില്‍ ബാധിക്കും. ഭൂമിയുടെ 30 ശതമാനത്തോളം മേഖലയില്‍ ചൂടിന്റെ തീവ്രത അസഹ്യമായി മാറും. 35 ഡിഗ്രിക്ക് മുകളിലായിരിക്കും ചൂട് എന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആഗോള താപനം ചെറുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ ഇതിന്റെ തീവ്രത വലിയതോതില്‍ കുറയ്ക്കാനാവുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മരങ്ങള്‍ വെട്ടിയും നെല്‍വയലുകള്‍ നിരത്തിയും കൂറ്റന്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നതും മാത്രമല്ല മലകള്‍ ഇടിച്ചു നിരപ്പാക്കുന്നതും ഫാക്ടറികളും വാഹനങ്ങളും പുറത്തു വിടുന്ന പുക മാലിന്യങ്ങളും നദിയിലെ മണ്ണെടുപ്പുമെല്ലാമാണ് ഈ അപകടകരമായ സാഹചര്യം വിളിച്ചു വരുത്തിയിരിക്കുന്നത്.

Top