വയലുകളില്‍ തീയിടല്‍; ഏകാംഗ കമ്മിറ്റിയെ നിയമിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ വയലുകളില്‍ തീയിടുന്ന സംഭവങ്ങള്‍ തടയാനും നീരിക്ഷണത്തിനുമായി ഏകാംഗ കമ്മിറ്റിയെ നിയോഗിച്ച് സുപ്രീംകോടതി. മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകുറിനെയാണ് കോടതി നിയോഗിച്ചത്.

കൃഷിയിടങ്ങളില്‍ തീയിടുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഡല്‍ഹി പരിസ്ഥിതി മലിനീകരണ അതോറിറ്റിയും മറ്റ് അധികാരികളും ജസ്റ്റിസ് ലോകൂര്‍ കമ്മിറ്റി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

കൃഷിയിടങ്ങളില്‍ തീയിടുന്നത് ഈ വര്‍ഷം അഞ്ച് മടങ്ങ് വര്‍ദ്ധിച്ചുവെന്നും കോടതി വീണ്ടും തുറക്കുമ്പോള്‍ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്നും പ്രശ്നത്തില്‍ അടിയന്തര ഉത്തരവ് ആവശ്യമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിംഗ് ആവശ്യപ്പെട്ടു. കേസില്‍ അടുത്ത വാദം ഓക്ടോബര്‍ 26ന് നടക്കും.

Top