ആദിപുരുഷ് ടീമിനെ ജീവനോടെ കത്തിക്കണം; രൂക്ഷ വിമര്‍ശനവുമായി മുകേഷ് ഖന്ന

ദിപുരുഷ് ടീമിനെ ജീവനോടെ കത്തിക്കണമെന്ന് ബോളിവുഡ് നടന്‍ മുകേഷ് ഖന്ന. ഇന്ത്യയിലെ 100 കോടി ഹിന്ദുക്കള്‍ ചിത്രത്തിനെതിരെ പ്രതികരിക്കണം. അവര്‍ക്ക് മാപ്പ് നല്‍കരുതെന്നും മുകേഷ് ഖന്ന പറഞ്ഞു. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കിയ ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമാണ്.

”അവര്‍ക്ക് മാപ്പുനല്‍കരുത്. ഇന്നലെ, ആ മുഴുവന്‍ സംഘത്തെയും ജീവനോടെ നിര്‍ത്തി 50 ഡിഗ്രിയില്‍ ചുട്ടുകരിക്കണമെന്ന് ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. മനോജ് മുന്തഷിര്‍ വലിയ എഴുത്തുകാരനാണെന്ന് അവര്‍ പറയുന്നു. പക്ഷേ, അയാളുടെ ബാലിശമായ വിവരണങ്ങളില്‍ ഞാന്‍ നിരാശനാണ്. രാജ്യം മുഴുവന്‍ വിമര്‍ശിക്കുമ്പോഴും അയാള്‍ തന്റെ എഴുത്തിനെ പ്രതിരോധിക്കുന്നു. അവര്‍ ഹനുമാനെയും രാമനെയും ലെതര്‍ ധരിപ്പിച്ചു. രാമനോ കൃഷ്ണനോ വിഷ്ണുവിനോ ഒന്നും മീശ ഉണ്ടായിരുന്നില്ല. ‘- മുകേഷ് ഖന്ന എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയ്‌ക്കെതിരെ വിമര്‍ശനം ശക്തമാണ്. മാര്‍വല്‍ സ്റ്റുഡിയോസിന്റെ തോര്‍ എന്ന സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷന്‍ വിഎഫ്എക്‌സ്, ആദിപുരുഷ് അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് നെറ്റിസന്‍സ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളും ട്വിറ്ററില്‍ പ്രചരിക്കുകയാണ്.

തോര്‍ സിനിമയിലെ പ്രധാന ലോകമായ അസ്ഗാര്‍ഡില്‍ നിന്നാണ് ആദിപുരുഷ് രാവണന്റെ ലങ്ക കോപ്പിയടിച്ചിരിക്കുന്നതെന്നാണ് ആരോപണം. അസ്ഗാര്‍ഡ് സ്വര്‍ണനിറത്തിലാണെങ്കില്‍ ലങ്ക കറുപ്പുനിറത്തിലാണ്. ആദിപുരുഷിലെ ആദ്യ സംഘട്ടനം നടക്കുന്ന സ്ഥലം ജംഗിള്‍ ബുക്കിലെ സ്ഥലം പോലെയാണെന്നും വാനരസേന കോംഗ് സിനിമയില്‍ നിന്ന് പ്രചോദിതരായവരെപ്പോലെയുണ്ടെന്നും നെറ്റിസന്‍സ് ആരോപിക്കുന്നു.

Top