ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്റില്‍ അഭിപ്രായ വോട്ടെടുപ്പ്

ബേണ്‍;മുസ്ലീം മതാചാരപ്രകാരം മുഖം പൂര്‍ണമായി മറയ്ക്കുന്ന ബുര്‍ഖ ധരിക്കുന്നതു നിരോധിക്കുന്നതു സംബന്ധിച്ച് ഇന്ന് സ്വിറ്റ്‌സര്‍ലന്റില്‍ അഭിപ്രായ വോട്ടെടുപ്പ്. ബുര്‍ഖ ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുസ്ലീം സ്ത്രീകള്‍ സ്വിറ്റ്‌സര്‍ലന്റില്‍ അപൂര്‍വ കാഴ്ചയാണെങ്കിലും ‘പ്രശ്‌നം വഷളാകുന്നതിനു മുന്‍പ്’ നിയന്ത്രണം വേണമെന്നാണ് രാജ്യത്തെ വലതുപക്ഷ പാര്‍ട്ടിയുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ നിയമനിര്‍മാണം നടത്തണോ എന്നാലോചിക്കാന്‍ രാജ്യത്ത് അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നത്.
സ്വിസ് ജനസംഖ്യയുടെ 5.5 ശതമാനം മാത്രം വരുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ പോലും മുഖം മറയ്ക്കുന്ന ബുര്‍ഖ അപൂര്‍വ കാഴ്ചയാണെങ്കിലും മുഖാവരണം നിരോധിക്കണമെന്നാണ് വലതുപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിച്ച് ആളുകള്‍ എത്തുന്നത് സുരക്ഷാഭീഷണിയാണെന്നും ഇതു നിരോധിക്കണമെന്നുമുള്ള ആവശ്യത്തെ പിന്തുണയ്ക്കുന്നവര്‍ക്കാണ് നേരിയ ഭൂരിപക്ഷമുള്ളതെന്നാണ് അഭിപ്രായ സര്‍വേകളില്‍ തെളിഞ്ഞിട്ടുള്ളത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പല യൂറോപ്യന്‍ രാജ്യങ്ങളിലും നടത്തിയ നിരോധനത്തിനു ചുവടു പിടിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം സ്വിറ്റ്‌സര്‍ലന്റിനും പുതിയ നിയമത്തിന് കളമൊരുങ്ങുന്നത്. മുഖാവരണങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചനയെങ്കിലും മുഖം പൂര്‍ണമായും മറയ്ക്കുന്ന ബുര്‍ഖയ്‌ക്കൊപ്പം കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന നിഖാബിനും നിരോധനം വരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

Top