burj khalifa – dubai – thetowerr

ദുബായി: ഉയരത്തിന്റെ കാര്യത്തില്‍ ബുര്‍ജ് ഖലീഫയെ മറികടക്കാന്‍ ദുബായിയില്‍ പുതിയ ഗോപുരം ‘ദ് ടവര്‍’ ഉയരുന്നു. കെട്ടിട നിര്‍മാതാക്കളായ എമാറാണ് ലോകത്തെ ഉയരമേറിയ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്ന ദുബായി ക്രീക്ക് ഹാര്‍ബര്‍ നഗരത്തിലാകും ദ് ടവര്‍ ഉയരുക.

2020ല്‍ ദുബായിയില്‍ എക്‌സ്‌പോ ഡ്രേഡിംഗ് ഫെയര്‍ നടക്കുന്നതിന് മുമ്പെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമേറിയതായിരിക്കുമെന്ന് എമാര്‍ ചെയര്‍മാന്‍ മുഹമ്മദ് അലബാര്‍ അറിയിച്ചു.

ഏകദേശം 8,80 മില്യണ്‍ യൂറോ (6,600 കോടിയിലേറെ രൂപ) നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ കൃത്യമായ ഉയരം എത്രയാകും എന്നദ്ദേഹം വെളിപ്പെടുത്തിയില്ല.

സ്പാനീഷ്-സ്വിസ് ആര്‍ക്കിടെക്ട് സാന്റിയാഗോ കലട്രാവയാണ് കെട്ടിടത്തിന്റെ രൂപകല്പന നിര്‍വഹിക്കുന്നത്. ബാബിലോണിലെ തൂങ്ങും മാതൃകയിലുള്ള നിരീക്ഷണ ഡെക്കാണ് കെട്ടിടത്തിന്റെ പ്രധാന ആകര്‍ഷണം.

പിനക്കിള്‍ റൂം എന്ന പേരിലുള്ള മകുടത്തില്‍ നിന്നാല്‍ ദുബായി നഗരം കാണാന്‍ സാധിക്കും. കെട്ടിടത്തിന്റെ 20 നിലകള്‍ വാണിജ്യ ആവശ്യത്തിനായി മാറ്റിവയ്ക്കും.

ഇസ്‌ലാമിക് സംസ്‌കാരത്തിന്റെ പ്രതീകമായ മിനാരത്തിന്റെ തലയെടുപ്പുള്ള കെട്ടിടത്തിന്റെ നിര്‍മാണം ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ആരംഭിക്കും.

ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനിര്‍മിതിയായ ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്ററാണ്. 1.5 മില്യണ്‍ ഡോളര്‍ നിര്‍മാണ ചെലവ് വന്ന കെട്ടിടം 2010 ജനുവരിയിലാണ് തുറന്നുകൊടുത്തത്.

Top