കുഴിമന്തി വിവാദം; ശ്രദ്ധക്കുറവുണ്ടായി, നിർവ്യാജം ഖേദിക്കുന്നുവെന്ന് സുനിൽ പി ഇളയിടം

തൃശൂർ: കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന വി.കെ ശ്രീരാമന്റെ ആവശ്യത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ഇടതു ചിന്തകൻ സുനിൽ പി. ഇളയിടം. വ്യക്തിപരമായി ഇഷ്ടം തോന്നാത്ത പേരാണ് കുഴിമന്തിയെന്നും എന്നാൽ പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങൾക്ക് അതു ന്യായമല്ലെന്നും സുനിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനെ അതേപടി പിന്തുണച്ചതിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല. സ്വന്തം അഭിപ്രായം പറയാൻ ശ്രീരാമൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് കരുതുന്നത്. ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ എന്റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കും ആദ്യം ചെയ്യുകയെന്നായിരുന്നു നടനും എഴുത്തുകാരനുമായ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്. മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടിയാകും അതെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിനു താഴെയാണ് സുനിൽ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും പിന്തുണ അറിയിച്ചത്. എന്നാൽ, ശ്രീരാമന്റെ കുറിപ്പിനെതിരെ സാംസ്‌കാരികലോകത്തും സോഷ്യൽ മീഡിയയിലും വൻവിമർശനം ഉയരുന്നുണ്ട്.

Top