burhan wani sartaz aziz kashmir

ന്യൂഡല്‍ഹി: ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധം കശ്മീര്‍ പ്രശ്‌നത്തില്‍ വഴിത്തിരിവായെന്ന് പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യന്‍ സുരക്ഷാ സേന വാനിയെ വധിച്ചതിന് പിന്നാലെ അരങ്ങേറിയ അക്രമ പരമ്പരയില്‍ നിരവധി പേര്‍ മരിക്കുകയും ഒട്ടനവധി പേര്‍ക്ക് പൂര്‍ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടുവന്നും അസീസ് ആരോപിച്ചു. കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാനിയുടെ വധത്തൊടെ കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യഘടകമാണെന്ന വാദത്തെ അന്താരാഷ്ട്ര സമൂഹം തള്ളിക്കളഞ്ഞു. തദ്ദേശീയരായ യുവാക്കളുടെ നേതൃത്വത്തില്‍ രൂപപ്പെട്ട പ്രക്ഷോഭമാണ് കശ്മീരില്‍ നടന്നതെന്ന് ലോകം തിരിച്ചറിഞ്ഞു. സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ഇന്ത്യ നടത്തിയ ശ്രമവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലഘിച്ചതും ഇതിന് കരുത്ത് പകര്‍ന്നു’അസീസ് പറഞ്ഞു.

ഒട്ടനവധി രാജ്യങ്ങളില്‍ ഇത് ചര്‍ച്ചയാകുകയും യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ പാകിസ്താനുമായി ചര്‍ച്ച ചെയ്ത് യു.എന്‍ അജണ്ട പ്രകാരം പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

പാകിസ്താനിലെ ഭീകരവാദവും നിയന്ത്രണ രേഖയിലെ വെടിവെയ്പ്പും ഉയര്‍ത്തിക്കാട്ടി കശ്മീര്‍ പ്രശ്‌നം ആഗോള ശ്രദ്ധയില്‍ നിന്ന് ഇന്ത്യ ബോധപൂര്‍വം മറയ്ക്കുകയാണെന്നും അസീസ് ആരോപിച്ചു.

Top